കൊച്ചി: സംസ്ഥാന പോലീസില്‍ 1401 ഒഴിവുകള്‍ സര്‍ക്കാര്‍ പൂഴ്ത്തിവച്ചു എന്ന പത്രവാര്‍ത്ത വസ്തുതകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് പോലീസ് വകുപ്പിന്റെ വിശദീകരണം. ഇക്കഴിഞ്ഞ മേയ് 31 ന് വിരമിക്കല്‍ മൂലവും അതിനെ തുടര്‍ന്ന് ഉയര്‍ന്ന തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റം നടന്നതുമൂലവും ഉണ്ടായത് ഉള്‍പ്പെടെ നിലവില്‍ വിവിധ ജില്ലകളില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികകളില്‍ 1401 ഒഴിവുകള്‍ ഉണ്ട്. എന്നാല്‍ അതിലേക്ക് ബറ്റാലിയനുകളില്‍ സേവനമനുഷ്ടിക്കുന്ന പോലീസ് കോണ്‍സ്റ്റബിള്‍മാരെ ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണെന്നാണ് പോലീസിന്റെ വിശദീകരണം.
ഇപ്പോള്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ ഉണ്ടായിരിക്കുന്ന ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി നിലവില്‍ ഉണ്ടായിരുന്ന ഒഴിവുകളോടൊപ്പം നേരത്തെ തന്നെ പിഎസ്!സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 530/2019 എന്ന വിജ്ഞാപനപ്രകാരം 2023 ഏപ്രില്‍ 13 നു നിലവില്‍ വന്ന പിഎസ്സി റാങ്ക് പട്ടികയില്‍ നിന്ന് നിയമിക്കുന്നതിനായാണ് ഈ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ നിയമനം നടത്തുകയും ചെയ്തു. ഇങ്ങനെ നിയമിച്ചവരില്‍ 292 വനിതകള്‍ ഉള്‍പ്പെടെ 1765 പേര് പരിശീലനം പൂര്‍ത്തിയാക്കി സേനയില്‍ പ്രവേശിച്ചു. 189 വനിതകള്‍ ഉള്‍പ്പെടെ 1476 പേര് ജൂലൈ അവസാനത്തോടെ പരിശീലനം പൂര്‍ത്തിയാക്കും. ഇതിനു പുറമേ, നിലവില്‍ പരിശീലനം ആരംഭിച്ച 390 പേരും ഉടന്‍തന്നെ പരിശീലനം ആരംഭിക്കുന്ന 1118 പേരും ഉണ്ട്.
പോലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ള ഒഴിവുകളിലേയ്ക്ക് ബറ്റാലിയനില്‍നിന്ന് ഉടന്‍തന്നെ നിയമനം നടത്തും. ബറ്റാലിയനുകളില്‍ ഉണ്ടാകുന്ന ഒഴിവുകളിലേയ്ക്ക് പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി)മാരെ നിയമിക്കുമെന്നും പ്രസ്താവനയില്‍ ഉണ്ട്.
ബറ്റാലിയനുകളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഒരു ഒഴിവും നിലവിലില്ലെന്നും ഇപ്പോള്‍ ജില്ലകളില്‍ ഉണ്ടായിട്ടുള്ള ഒഴിവുകളിലേയ്ക്ക് നിയമിക്കുന്നതിന് ആവശ്യമായ എണ്ണം പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ എല്ലാ ബറ്റാലിയനുകളിലും നിലവിലുണ്ടെന്നും പോലീസ് വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.