ഞങ്ങൾ താടി വളർത്തും മീശ വളർത്തും മുട്ടോളം മുട്ടറ്റം മുടിയും വളർത്തും. അത് ഞങ്ങടെ ഇഷ്ടം ഞങ്ങടെ ഇഷ്ടം ഞങ്ങളതു ചെയ്യും എന്ന് യുവാക്കൾ പാടി നടന്നൊരു കാലമുണ്ടായിരുന്നു. താടി ഒരു ട്രെന്റാണ് ഇപ്പോളും. കട്ടത്താടിക്ക് ആരാധകരും കുറവല്ല.
ഇപ്പോഴിതാ സംസ്ഥാനത്തെ ജയിലുകളില്‍ താടി വളര്‍ത്തുന്ന തടവുകാരുടെ എണ്ണത്തില്‍ വര്‍ധനയെന്ന വാർത്തയാണ് വൈറലാകുന്നത്. അതിനിപ്പോ എന്താ തടവു പുള്ളികൾക്കും താടി വളർത്താൻ അവകാശം ഉണ്ടല്ലോ പിന്നെ വളർത്തിയാൽ എന്താ കുഴപ്പം.
കേരള പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് (മാനേജ്മെന്റ്) റൂള്‍ 292 (1) പ്രകാരം ഒരു തടവുകാരന് താടി വളര്‍ത്താന്‍ അവകാശമുണ്ട്. അതിനാൽത്തന്നെ തടവുകാർ താടി വളർത്തുന്ന പ്രവണത കൂടുതലാണ്.
തടവു പുള്ളികൾ താടി വളർത്തുന്നതിനോട് എതിരാണ് ഉദ്യാഗസ്ഥർ. തടവുകാര്‍ മനഃപൂര്‍വം താടി നീട്ടിവളര്‍ത്തുന്നത് മറ്റുള്ളവര്‍ക്ക് പ്രശ്നമുണ്ടാക്കുന്നു എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. താടി വളർത്തിയാൽ ഭക്ഷണം പാകം ചെയ്യുന്പോൾ താടിയും, മുടിയുമൊക്കെ തടവുകാരുടെ ഭക്ഷണത്തില്‍ വീഴാന്‍ സാധ്യതയുണ്ട്. ഇത് ജയിലിനുള്ളില്‍ സംഘര്‍ഷങ്ങള്‍ക്കും സുരക്ഷാ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വാദം.
എന്നാൽ താടി വളർത്തുന്നതിന് തടവുകാർ ഉന്നതരോട് അനുമതി തേടുകയാണ്. പൂജപ്പുര, വിയ്യൂര്‍, തവനൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ തടവുകാരാണ് പ്രധാനമായും താടി വളര്‍ത്താന്‍ അനുമതി തേടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.