ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി 12 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ബിഹാർ സ്വദേശി അറസ്റ്റിൽ. ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ബൽവാ പിഒയിൽ ബൽവാ ബഹുവൻ സ്ട്രീറ്റിൽ ബൽവാ ബഹുബറി വീട്ടിൽ സലീം മിയാൻ മകൻ മെഹമ്മൂദ് മിയാ(38)നെ ആണ് അമ്പലപ്പുഴ പോലീസ് ഇൻസ്പെക്ടർ പ്രതീഷ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 20ന് ഉച്ചയ്ക്ക് 12ന് പെൺകുട്ടിയുടെ അമ്മ വളഞ്ഞവഴിയിൽ ചെമ്മീൻ ഷെഡ്ഡിൽ ജോലിക്കു പോയ സമയം പെൺകുട്ടി വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ തൊട്ടടുത്ത കെട്ടിടത്തിൽ നേരത്തേ വാടകയ്ക്കു താമസിച്ചിരുന്ന മെഹമ്മൂദ് പെൺകുട്ടിയു മായി, പെൺകുട്ടിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
അമ്പലപ്പുഴ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മെഹമ്മൂദ് പെൺകുട്ടിയെ കേരള എക്സ്പ്രസ് ട്രെയിനിൽ ബിഹാറിലേക്ക് കടത്തിയതായി കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നിർദേശാനുസരണം അന്വേഷണ സംഘം ബീഹാറിലേക്കുള്ള യാത്രാമധ്യേ മഹാരാഷ്ട്രയിൽ ബൽഹർഷാ റെയിൽവേ സ്റ്റേഷനിൽ നിന്നു റെയിൽവേ പോലീസിന്റെ സഹായത്തോടെ പിടികൂടുകയിരുന്നു.
പെൺകുട്ടിയെ അവിടെയുള്ള സിഡബ്ല്യുസിയിൽ ഹാജരാക്കി സിഡബ്ല്യുസിയുടെ നിർദേശപ്രകാരം മതിയായ കൗൺസലിംഗ് നൽകിയ ശേഷം തിരികെ അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മൊഴി രേഖപ്പെടുത്തിയശേഷം അമ്പലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കുട്ടിയെ മാതാവിനൊപ്പം വിട്ടയച്ചു.
പ്രതിയെ അമ്പലപ്പുഴ സ്റ്റേഷനിൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തുടർന്ന് 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് അറസ്റ്റലായ മെഹമ്മൂദ്.
20,000 ത്തോളം രൂപ ടിയാനിൽനിന്നു കണ്ടെടുക്കുകയും ചെയ്തു. സബ് ഇൻസ്പെക്ടർമാരായ ഷാഹുൽ ഹമീദ്, ജയചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഷാദ്.എ, സിവിൽ പോലീസ് ഓഫീസർമാരായ ജോസഫ് ജോയി, വിഷ്ണു, അനൂപ് കുമാർ, മുഹമ്മദ് ഷെഫീക്, ദർശന എന്നിവരടങ്ങുന്ന സംഘമാണ് കുട്ടിയെ കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.