കായംകുളം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ കാപ്പാ നിയമപ്രകാരം നാടുകടത്തി. സിപിഎം കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം പുതുപ്പള്ളി പ്രയാർ വടക്ക് കുന്നേൽകടവ് സിബി ശിവരാജനെ(37)യാണ് കാപ്പ ചുമത്തിയത്.
കായംകുളം, ഓച്ചിറ പോലീസ് സ്റ്റേഷൻ പരിധികളിൽ വടിവാൾ ഉപയോഗിച്ച് ആക്രമണം, മണൽ കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്.
ഇയാളെ ഇതുവരെ പാർട്ടിനേതൃത്വം സംരക്ഷിച്ചതായി ആക്ഷേപം ശക്തമായിട്ടുണ്ട്. കായംകുളത്തെ മുതിർന്ന സിപിഎം നേതാക്കന്മാരുമായി അടുത്ത ബന്ധമുള്ള ആളാണ് സിബി.
ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്നാണ് ഒൻപതുമാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് എറണാകുളം റേഞ്ച് ഡിഐജി കാപ്പ ചുമത്തി ഉത്തരവിട്ടത്. വൻതോതിൽ മണൽ ശേഖരിച്ച് വിൽപ്പന നടത്തിയതിന് റവന്യുവകുപ്പും മണൽക്കടത്തിന് ഇയാൾക്കെതിരേ കേസെടുത്തിരുന്നു.