കൊച്ചി: സംസ്ഥാനത്ത് ലഹരിമാഫിയ സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമാകുമ്പോഴും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടത്ര എക്സൈസ് ഉദ്യോഗസ്ഥരില്ല. സംസ്ഥാന എക്സൈസ് വകുപ്പില്‍ പല തസ്തികകളിലും നിയമനം നിലച്ചിട്ട് മാസങ്ങളായി. ജോയിന്റ് എക്സൈസ് കമ്മീഷണര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പോസ്റ്റില്‍ ഒമ്പതും അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ പോസ്റ്റില്‍ 12 ഉം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പോസ്റ്റില്‍ 13 ഉം ഒഴിവുകളാണ് നിലവില്‍ സംസ്ഥാനത്ത് ഉള്ളത്.
മാസങ്ങളായി നിലനില്‍ക്കുന്ന ഈ ഒഴിവുകള്‍ നികത്താത്തത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്.താലൂക്ക് തലം മുതല്‍ ജില്ലാ തലം വരെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടത്ര ഉദ്യോഗസ്ഥര്‍ നിലവില്‍ എക്സൈസ് വകുപ്പിലില്ല. എക്സൈസ് എന്‍ഫോഴ്സ്മെന്റ്, വിമുക്തിപ്രവര്ത്തനങ്ങള് ചെയ്യേണ്ടവരുടെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ജില്ലാ തലവന്മാരുടെ ഒഴിവുകളും ഇക്കൂട്ടത്തിലുണ്ട്.
ഓഫീസര്‍മാര്‍ക്കിടയിലെ സീനിയോറിറ്റി തര്‍ക്കങ്ങളും കേസുകളുമാണ് നിയമനം നിലയ്ക്കാന്‍ ഇടയാക്കിയത്. എക്സൈസ് വകുപ്പിലെ ചിലര്‍ ഭരണ സ്വാധീനം ഉപയോഗിച്ച് 20 വര്‍ഷം പഴക്കമുള്ള സീനിയോറിട്ടി ലിസ്റ്റ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ ആക്ഷേപമുണ്ട്. 2015 ല്‍ ഹൈക്കോടതി തീര്‍പ്പാക്കിയ ലിസ്റ്റാണിത്.
സ്പെഷല്‍ റിക്രൂട്ട്മെന്റില്‍ വന്ന അഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നിയമനത്തിന് തടയിട്ട് അനധികൃതമായി സ്ഥാനക്കയറ്റം നേടാനുള്ള ചിലര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ലിസ്റ്റ് അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതുമൂലം കേസ് നീണ്ടുപോകുകയും പ്രമോഷന് അനന്തമായി നീളുകയും ചെയ്യുന്നു.
ഗസ്റ്റഡ് പോസ്റ്റില്‍ എസ് സി/എസ്ടി വിഭാഗത്തിലുള്ളവര്‍ കുറവെന്ന് കണ്ടെത്തിയാണ് സര്‍ക്കാര്‍ സ്പെഷല്‍ റിക്രൂട്ട്മെന്റ് നിയമനത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ കേസായതോടെ താത്കാലിക പ്രമോഷനിലൂടെ പ്രതിസന്ധിയെ മറികടക്കാന്‍ നേരത്തെ ശ്രമം നടത്തിയെങ്കിലും കാര്യക്ഷമമായില്ല.
കാരണം താത്കാലിക പ്രമോഷന് ഇനി നടത്തേണ്ടത്തില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതോടെ വകുപ്പില്‍ പ്രതിസന്ധി ഇരട്ടിയായി. ലഹരി വിരുദ്ധ ക്ലാസുകള്‍ സ്കൂളുകളിലും കോളേജുകളിലും ഫലപ്രധമായി സംഘടിപ്പിക്കാന്‍ പോലും ഓഫീസര്‍ റാങ്കിലുള്ളവരുടെ ക്ഷാമം മൂലം കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നു.
വകുപ്പിലെ വിവിധ പോസ്റ്റുകളിലും പ്രമോഷന് നടക്കുന്നില്ല. സര്‍ക്കാര്‍ തലത്തില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റുമെന്നതില്‍ സംശയമില്ല.
സീമ മോഹന്‍ലാല്‍