അമ്പലപ്പുഴ: നിക്ഷേപ തട്ടിപ്പ് കേസിൽ 16 വർഷമായി ഒളിവിലായിരുന്ന എസ്എൻഡിപി ശാഖാ യോഗം സെക്രട്ടറി പിടിയിൽ. പുറക്കാട് 10-ാം വാർഡ് തോട്ടപ്പള്ളി ഗൗരി മന്ദിരത്തിൽ പ്രിജിമോഹ(53)നെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഗുജറാത്തിലെ ഇന്ത്യ – പാക്കി സ്താൻ അതിർത്തി ജില്ലയായ റാൻ ഓഫ് കച്ചിലെ ഭുജിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. തോട്ടപ്പള്ളി 2189-ാം നമ്പർ മുൻശാഖാ സെക്രട്ടറിയായിരുന്നു പ്രിജിമോൻ. ഈ കാലയളവിൽ പലരിൽനിന്ന് നിക്ഷേപമായി സ്വീകരിച്ച ലക്ഷങ്ങൾ തിരിമറി നടത്തിയതായാണ് കേസ്.
2007 മുതൽ പോലിസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻ്റിലായതിനു ശേഷം കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടർന്നാണ് നാട്ടിൽ നിന്ന് മുങ്ങിയത്.
ജില്ലാ പോലിസ് മേധാവി ചൈത്രാ തെരേസ ജോണിന്റെ നിർദേശപ്രകാരം ബന്ധുക്കളുടെ യാത്രാ രേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ ഫോൺ കോളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.