തലശേരി: ലോക്സഭാ തെരഞ്ഞടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ പോലീസിലടക്കം ഭരണത്തിൽ പിടിമുറുക്കാൻ സിപിഎം. ഇതിന്റെ ആദ്യപടിയായി പാർട്ടിയുടെ നിർദേശ പ്രകാരം പോലീസിനുള്ളിൽ സമൂല മാറ്റങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചു. ലോക്കൽ പോലീസിനെ കറകളഞ്ഞ കാക്കിക്കുള്ളിലാക്കാനാണ് ആദ്യ നീക്കം.
ഇതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണത്തിന് പാർട്ടിയുടെ നിർദേശപ്രകാരം രഹസ്യ പോലീസ് രംഗത്തെത്തി. പോലീസിലെതന്നെ വിശ്വസിക്കാവുന ്നവരാണ് രഹസ്യ പോലീസായി സർക്കാരിന് വിവരം ശേഖരിച്ചു നൽകുക.
എസ്ഐ മുതൽ എസ്പിമാർവരെയുള്ളവരുടെ രഹസ്യവും പരസ്യമായ മുഴുവൻ വിവരങ്ങളും ശേഖരിക്കാനാണ് രഹസ്യ പോലീസിന് നിർദേശം ലഭിച്ചിട്ടുള്ളത്. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആരാഞ്ഞു കൊണ്ട് ചോദ്യാവലിയുമായാണ് പ്രത്യേക അന്വേഷണസംഘം കേരളം മുഴുവൻ വിവരങ്ങൾ തേടുന്നത്. ഇതിനു പുറമേ സ്റ്റേഷൻ ചുമതലയിൽനിന്ന് എസ്ഐമാരെ മാറ്റി സിഐ മാർക്ക് ചുമതല നൽകുന്ന നടപടി പുനഃപരിശോധിക്കാനും ആഭ്യന്തരവകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്.
ലോക്കൽ പോലീസിലെ എസ്ഐമാരെ സംബന്ധിച്ചുള്ള രഹസ്യ പോലീസിന്റെ അന്വേഷണം പൂർത്തിയായി കഴിഞ്ഞു. എസ്ഐമാരുടെ മുകളിലേക്കുള്ള ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവര ശേഖരണവും ദ്രുതഗതിയിൽ നടന്നു വരികയാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാറ്റപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്മാരെ പുനർനിയമനം നടത്തുന്നതിന് മുമ്പ് തന്നെ രഹസ്യാന്വേഷണം പൂർത്തിയാക്കാനാണ് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിട്ടുള്ളത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നേതാക്കൾ ശിപാർശയുമായി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങേണ്ടെന്നായിരുന്നു പാർട്ടി തീരുമാനം. ഇതോടെ പോലീസിന്റെ പ്രവർത്തനങ്ങളിൽ പാർട്ടി നേതൃത്വങ്ങളുടെ ഇടപെടൽ പൂർണമായും ഇല്ലാതായിരുന്നു. എന്നാൽ, രാഷ്ട്രീയക്കാരുടെ സ്ഥാനത്തേക്ക് പോലീസ് സ്റ്റേഷനിലേക്ക് ഗുണ്ടാ-മാഫിയ സംഘങ്ങൾ എത്തിയതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പാർട്ടിയെ പൂർണമായും അവഗണിച്ച് ചില നേതാക്കളുടെ ഇഷ്ടപ്രകാരം മാത്രമാണ് ഇതുവരെ പോലീസുകാരുടെ സ്ഥലമാറ്റങ്ങൾ നടന്നിരുന്നതെന്ന ആക്ഷേപവും ഉയർന്നിരുന്നു. മുഖ്യമന്ത്രിയുടെ അടുപ്പക്കാർ എന്ന പേരിൽ ചില നേതാക്കൾ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകുന്ന സ്ഥിതിവരെ ഉണ്ടായിരുന്നതായും നേതൃത്വത്തിന് വിവരം ലഭിച്ചിരുന്നു.
നിലവിലെ രഹസ്യ പോലീസ് അന്വേഷണത്തിൽ അഴിമതി, ഗുണ്ടാ ബന്ധം, അഹങ്കാരം, സ്ത്രീവിഷയം, ബിനാമി ഇടപാടുകൾ തുടങ്ങിയ വിഷയങ്ങളിൽ സംശയത്തിന്റെ നിഴലിൽ വരുന്നവരെ പോലും ലോക്കൽ പോലീസിൽ നിയമിക്കരുതെന്ന കർശന നിർദേശമാണ് പാർട്ടി സർക്കാരിന് നൽകിയിട്ടുള്ളത്. സ്റ്റേഷൻ ചുമതലയിൽനിന്ന് എസ്ഐമാരെ മാറ്റിയ പരിഷ്കാരം പോലീസിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വർഷങ്ങളോളം എസ്ഐ യുടെ ചുമതല വഹിച്ചിരുന്നവർ സിഐ ആയ ശേഷവും അതേ ജോലി ചെയ്യേണ്ടി വന്നത് സിഐമാരിലും കടുത്ത അതൃപ്തിയാണ് ഉളവാക്കിയിരുന്നത്. എസ്ഐ മാരിലേക്ക് സ്റ്റേഷൻ ചുമതല തിരിച്ചു കൊണ്ടുവരുവാനും സിഐമാർക്ക് ഗുരുതരമായ കുറ്റകൃത്യങ്ങളുടെ അന്വേഷണ ചുമതല നൽകാനുമാണ് ഇപ്പോൾ ആലോചന നടക്കുന്നത്.
പല ഉദ്യോഗസ്ഥരും സൗകര്യപ്രദമായ പോസ്റ്റിംഗിനായി നെട്ടോട്ടമോടുന്നതിനിടയിലാണ് ഉദ്യോഗസ്ഥരുടെ രഹസ്യങ്ങൾ തേടി രഹസ്യ പോലീസ് റോന്തു ചുറ്റുന്നത്. വിദ്യാലയങ്ങൾ തുറന്നിട്ടും സ്ഥലംമാറ്റ ഉത്തരവ് വരാത്തത് പോലീസിൽ കടുത്ത അതൃപ്തി ഉളവാക്കിയിട്ടുണ്ട്. സ്ഥലംമാറ്റ ലിസ്റ്റ് പുറത്തുവരാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ തീരുമാനം എടുക്കാൻ സാധിക്കാത്ത സാഹചര്യവും പോലീസിൽ ഉണ്ട്.പോലീസ് വകുപ്പിനു പുറമെ മറ്റു വകുപ്പുക ളിലും മാറ്റങ്ങൾ വേണമെന്നു പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
നവാസ് മേത്തർ