കാൻബറ: അമേരിക്കൻ കോടതിയിൽ നിയമനടപടികൾ പൂർത്തിയാക്കിയ വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് സ്വദേശമായ ഓസ്ട്രേലിയയിൽ തിരിച്ചെത്തി.
ഇന്നലെ വൈകുന്നേരം കാൻബറയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ ഭാര്യ സ്റ്റെല്ലയും പിതാവ് ജോൺ ഷിപ്റ്റണും സ്വീകരിച്ചു. ഇരുവരെയും അസാൻജ് ആലിംഗനം ചെയ്തു.
വിക്കിലീക്സ് സ്ഥാപകനായ അസാൻജ് അമേരിക്കൻ പ്രോസിക്യൂഷനുമായുണ്ടാക്കിയ ധാരണയനുസരിച്ച് തിങ്കളാഴ്ചയാണു ലണ്ടനിലെ ബെൽമാർഷ് ജയിലിൽനിന്നു മോചിതനായത്.
ധാരണപ്രകാരം ഇന്നലെ അദ്ദേഹം ഓസ്ട്രേലിയയോടു ചേർന്ന അമേരിക്കൻ പ്രദേശമായ നോർത്തേൺ മരിയാന ദ്വീപിലെ ഫെഡറൽ കോടതിയിൽ ഹാജരായി. വിക്കിലീക്സിലൂടെ അമേരിക്കൻ പ്രതിരോധരഹസ്യങ്ങൾ ചോർത്തിയതിനു ചുമത്തപ്പെട്ട ചാരവൃത്തിക്കേസിൽ അസാൻജ് കോടതിയിൽ കുറ്റം സമ്മതിച്ചു.