തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വൈകാതെ ഒന്നാം തീയതി തന്നെ ശമ്പളം കൊടുത്തു തുടങ്ങുമെന്നു ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ.
അതിനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. ഗതാഗതവകുപ്പിനെക്കുറിച്ചുള്ള ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. കെഎസ്ആർടിസിയിൽ കാലത്തിനനുസരിച്ചുള്ള ആധുനികീകരണ പ്രവർത്തനങ്ങൾ ആറു മാസത്തിനകം നടപ്പിലാക്കും. പെൻഷൻ ആനുകൂല്യങ്ങളുടെ കുടിശിക 2022 മേയ് വരെയുള്ളതു കൊടുത്തുതീർത്തു.
അവശേഷിക്കുന്ന കുടിശികയും വൈകാതെ കൊടുത്തുതീർക്കും. കെഎസ്ആർടിസി മന്ദിരങ്ങളിൽ മിനി സൂപ്പർ മാർക്കറ്റും നിലവാരമുള്ള റസ്റ്ററന്റുകളും ആരംഭിക്കും. കെഎസ്ആർടിസിയുടെ 21 ശൗചാലയങ്ങളുടെ നടത്തിപ്പ് സുലഭ് എന്ന ഏജൻസിക്കു കൈമാറും.
കെഎസ്ആർടിസിക്കു പണച്ചെലവില്ലാതെയാണു ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങുന്നത്. മോട്ടോർ വാഹന നിയമങ്ങളുടെ ലംഘനങ്ങൾ പൊതുജനങ്ങൾക്കു നേരിട്ടു കണ്ടെത്തി അറിയിക്കുന്നതിനായി വകുപ്പ് ആപ്പ് തയാറാക്കും.
മോട്ടോർ വാഹന വകുപ്പിലെ അഴിമതിയും മറ്റും അറിയിക്കുന്നതിനായി ടോൾ ഫ്രീ നന്പർ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.