കൊച്ചി: കള്ളക്കടത്തു സംഘങ്ങള്‍ ചൈനയില്‍നിന്നു കേരളത്തിലെത്തിച്ച വ്യാജ വിദേശ ബ്രാന്‍ഡ് വാച്ചുകളുടെ വന്‍ ശേഖരം പിടികൂടി. കസ്റ്റംസും പോലീസും ചേര്‍ന്ന് മലപ്പുറത്തും കൊച്ചിയിലും നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങള്‍ വിലയുള്ള വിദേശ ബ്രാന്‍ഡ് വാച്ചുകളുടെ ഒറിജിനലിനെ വെല്ലുന്ന 9,000ത്തിലധികം വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്തത്.
ചൈനയില്‍ നിര്‍മിച്ച വ്യാജ വാച്ചുകൾ കേരളത്തില്‍ വിറ്റഴിക്കുന്നതായി കസ്റ്റംസിനും പോലീസിനും നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരൂരിലെയും കൊച്ചി ബ്രോഡ്വേയിലെയും കടകളില്‍ ഇന്നലെ ഒരേസമയം പരിശോധന നടത്തിയത്.
ടിസോട്ട്, റാഡോ, ജി ഷോക്ക്, കാസിയോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ വ്യാജ പതിപ്പുകളാണ് പിടികൂടിയത്. സൂക്ഷ്മ പരിശോധന നടത്തിയാല്‍ മാത്രമേ ഇവ വ്യാജമാണെന്ന് ഉറപ്പിക്കാനാകൂ.
10,000 രൂപ മുതൽ മൂന്നു ലക്ഷം രൂപയ്ക്കു വരെയാണ് വാച്ചുകൾ വിറ്റിരുന്നത്. റെയ്ബാന്‍ അടക്കമുള്ള ബ്രാന്‍ഡുകളുടെ കൂളിംഗ് ഗ്ലാസുകളും വില്പനയ്ക്കെത്തിച്ചിരുന്നു. മലപ്പുറം തിരൂരില്‍ ആറു കടകളിലായിരുന്നു പരിശോധന.