ഠേ, ഠോ… ജർമൻ ഫുട്ബോൾ സ്റ്റേഡിയങ്ങളിൽനിന്നുയർന്ന ഈ ശബ്ദങ്ങൾക്കു പിന്നാലെ വന്പന്മാരാടെ പുക വായുവിലുയർന്നു. കുഞ്ഞന്മാരെന്നു മുദ്രകുത്തപ്പെട്ടവർ ഗോലിയാത്തിനെ വീഴ്ത്തി.
അതോടെ യുവേഫ യൂറോ കപ്പ് പ്രീക്വാർട്ടറിൽ സർപ്രൈസ് എൻട്രികളെത്തി. യുവേഫ യൂറോ കപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾ സമാപിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചത് ജോർജിയ, ഓസ്ട്രിയ, സ്ലോവാക്യ, സ്ലോവേനിയ ടീമുകളാണ്. തുർക്കിയെ കറുത്ത കുതിരകളാകാൻ കരുത്തുള്ള ടീമായി നേരത്തേ പരിഗണിച്ചതിനാൽ അവരുടെ പ്രീക്വാർട്ടർ പ്രവേശം അത്ര സർപ്രൈസ് അല്ലെന്നതും ശ്രദ്ധേയം.
കുഞ്ഞന്മാരെന്നു വിശേഷിപ്പിക്കപ്പെട്ട ടീമുകളുടെ മുന്നേറ്റത്തിലും ഇംഗ്ലണ്ട്, ജർമനി, സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ, ഇറ്റലി, നെതർലൻഡ്സ് എന്നീ പാരന്പര്യക്കാർ വീഴാതെ പിടിച്ചുനിന്നു. ആതിഥേയരായ ജർമനിയാണ് ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം (എട്ട് ഗോൾ).
ജോർജിയ -2, പോർച്ചുഗൽ -0
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ടിൽ പോർച്ചുഗലിനെ മറുപടിയില്ലാത്ത രണ്ടു ഗോളിന് ജോർജിയ അട്ടിമറിച്ചതായിരുന്നു ഏവരെയും ഞെട്ടിച്ചത്. ജോർജിയയുടെ ആദ്യ പ്രമുഖ ടൂർണമെന്റാണ് യൂറോ 2024. ഫിഫ ലോകകപ്പ്, യുവേഫ യൂറോ എന്നീ പ്രമുഖ ടൂർണമെന്റുകളിൽ ഇതിനു മുന്പ് ജോർജിയ യോഗ്യത നേടിയിട്ടില്ല.
ആദ്യവരവിൽത്തന്നെ പ്രീക്വാർട്ടറിൽ എത്താൻ സാധിച്ചതിന്റെ ആവേശത്തിലാണ് ജോർജിയൻ സംഘം. തുർക്കിയോട് പരാജയപ്പെട്ടാണ് ജോർജിയ (1-3) യൂറോ തുടങ്ങിയത്. തുടർന്ന് ചെക് റിപ്പബ്ലിക്കിനെ സമനിലയിൽ (1-1) കുടുക്കിയ ജോർജിയ, പോർച്ചുഗലിനെ കീഴടക്കി പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിലുൾപ്പെട്ടാണ് ജോർജിയ അവസാന 16ൽ ഇടംപിടിച്ചത്. ഗ്രൂപ്പ് ഡിയിൽനിന്ന് നെതർലൻഡ്സ്, ഇയിൽനിന്ന് സ്ലോവാക്യ, സിയിൽനിന്ന് സ്ലോവേനിയ ടീമുകളും മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ എത്തി.
ഓസ്ട്രിയ, സ്ലോവാക്യ
ഗ്രൂപ്പ് ഡിയിൽ ഓസ്ട്രിയ 3-2ന് നെതർലൻഡ്സിനെ തകർത്തതാണ് ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു സർപ്രൈസ്. രണ്ട് ജയത്തോടെ ഫ്രാൻസിനെ പിന്തള്ളി ഓസ്ട്രിയ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഗ്രൂപ്പ് ഇയിൽ സ്ലോവാക്യ 1-0ന് ബെൽജിയത്തെ കീഴടക്കിയതും ഗ്രൂപ്പ് സിയിൽ ഇംഗ്ലണ്ടിനെ 0-0ന് സ്ലോവേനിയ കുടുക്കിയതും ആരാധകരെ ഞെട്ടിച്ചു.
ഇംഗ്ലണ്ട് തന്നെ മുന്നിൽ
ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടു ഗോൾ മാത്രമാണ് നേടിയതെങ്കിലും 2024 യൂറോ കപ്പ് കിരീട സാധ്യതയിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടാണുള്ളത്. 19.12 ശതമാനമാണ് ഇംഗ്ലണ്ടിന്റെ കിരീട സാധ്യത. ആതിഥേയരായ ജർമനി (16.09%), സ്പെയിൻ (15.41%), ഫ്രാൻസ് (13.26%), പോർച്ചുഗൽ (12.48%) എന്നിങ്ങനെയാണ് കടലാസിലെ കണക്കുകളിൽ മറ്റ് ടീമുകളുടെ കിരീട സാധ്യത.