കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ വെട്ടിലാക്കി ബ്രത്ത് അനലൈസര്‍. ജീവിതത്തില്‍ ഇന്നേവരെ മദ്യപിക്കാത്തവരെയും മെഷീന് മദ്യപാനികളാക്കി. ഇതോടെ ഡിപ്പോയിലെ ജീവനക്കാരും പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കത്തിലാകുകയും പരിശോധന നിര്‍ത്തിക്കുകയും ചെയ്തു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയാണു കോതമംഗലം ഡിപ്പോയില്‍ തൊടുപുഴയില്‍നിന്നുള്ള സ്ക്വാഡ് പരിശോധനയ്ക്കെത്തിയത്. ആദ്യഘട്ടത്തില്‍ പരിശോധിച്ചവര്‍ക്കെല്ലാം നെഗറ്റീവ് ഫലമാണു കാണിച്ചത്. എന്നാല്‍ രാവിലെ എട്ടോടെ പാലക്കാട്ടേക്കു പുറപ്പെടാന്‍ നിന്ന ബസിന്റെ കണ്ടക്ടര്‍ പി.വി. ബിജുവിനെ പരിശോധിച്ചപ്പോഴാണു മെഷീന് പാകപ്പിഴ കാണിച്ചത്.
ജീവിതത്തില്‍ ഇന്നേവരെ മദ്യപിച്ചിട്ടില്ലാത്തയാളാണ് ബിജു. രണ്ടുതവണ ഊതിച്ചപ്പോഴും ഭേദപ്പെട്ട അളവാണ് ബ്രത്ത് അനലൈസറില്‍ കാണിച്ചത്. ആദ്യത്തേതിനേക്കാല് ഉയര്ന്നതോതായിരുന്നു രണ്ടാംതവണ. താന്‍ മദ്യപിക്കാറില്ലെന്ന് ബിജു വ്യക്തമാക്കിയതോടെ പരിശോധന നടത്തിയ ഇന്‍സ്പെക്ടറുമായി തര്‍ക്കമായി. ബിജുവിനെ പിന്തുണച്ച് മറ്റുള്ളവരും രംഗത്തെത്തി.
ഒടുവില്‍ മറ്റുള്ളവരെക്കൂടി ഊതിച്ച് മെഷീന്റെ കാര്യക്ഷമത പരിശോധിക്കാന്‍ തീരുമാനിച്ചു. സ്റ്റേഷന് മാസ്റ്റർ, ഓഫീസിലെ വനിതാ ജീവനക്കാർ എന്നിവരെ ഊതിച്ചപ്പോഴും ഫലം പോസിറ്റീവായിരുന്നു. ഊതിയവരെല്ലാം മദ്യപിച്ചിട്ടുണ്ടെന്നാണു മെഷീന് സാക്ഷ്യപ്പെടുത്തിയത്. ഒടുവില്‍ പരിശോധന നടത്തിയ ഇന്‍സ്പെക്ടര്‍ സ്വയം ഊതി നോക്കിയപ്പോഴും ബീപ്പ് ശബ്ദമായിരുന്നു. ഇതോടെ മെഷീന്റെ തകരാർ സ്ഥിരീകരിക്കുകയായിരുന്നു.
മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്നു തെളിഞ്ഞാല്‍ ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാറുണ്ട്. ഇതിനകം ഒട്ടേറെപ്പേര്‍ നടപടി നേരിടുകയും ചെയ്തു. ഇത്തരത്തില്‍ നിലവാരമില്ലാത്ത മെഷീന് ഉപയോഗിച്ചാണു പരിശോധനയും തുടർന്ന് നടപടിയുമെന്നും ജീവനക്കാര്‍ ആരോപിച്ചു.