കുമരകം: ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വീടിന്റെ മേല്‍ക്കൂര കാറ്റെടുത്ത് സമീപത്തെ പാടത്തിട്ടതോടെ വിധവയായ ദേവയാനിക്കും കുടുംബത്തിനും തലചായ്ക്കാനിടമില്ലാതായി. ഷീറ്റുകൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയാണ് കാറ്റ് പറത്തിക്കൊണ്ടുപോയത്.
കുമരകം കണ്ണങ്കരി പരേതനായ ചക്രന്റെ ഭാര്യ ദേവയാനിയുടെ വീടിന്റെ മേല്‍ക്കൂരയാണ് കഴിഞ്ഞ ദിവസം കാറ്റു പറത്തി വെള്ളം നിറഞ്ഞു കിടക്കുന്ന കൊല്ലകരി പാടത്ത് കൊണ്ടിട്ടത്. സംഭവസമയത്ത് വീടിനുള്ളില്‍ ദേവയാനിയും മകന് ഷാജിയും ഷാജിയുടെ ഭാര്യ അഞ്ജുവും മക്കളായ അദ്വൈതും അര്‍ച്ചിതയും ഉണ്ടായിരുന്നെങ്കിലും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
എല്ലാ വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായി . നിത്യച്ചെലവിനു പോലും വരുമാനമില്ലാത്ത ഇവര്‍ തകര്‍ന്ന വീട് താമസയോഗ്യമാക്കാന്‍ ബുദ്ധിമുട്ടുകയാണ്.
കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവും കുമരകം വില്ലേജ് ഓഫീസറും സ്ഥലത്തെത്തി സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. പാടത്ത് വെള്ളമായതിനാല്‍ വീടിന്റെ നഷ്ടപ്പെട്ട ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടേറെയാണ്.
പാടത്തെ വെള്ളം കൃഷിക്കായി വറ്റിക്കുന്നുണ്ട്. വെള്ളം വറ്റി മേല്‍ക്കൂര വീണ്ടെടുത്താലും ഉപയോഗിക്കാനാവില്ല. എങ്ങനെയെങ്കിലും ഒരു ഷെഡ് നിര്‍മിക്കുന്നതുവരെ തലചായ്ക്കാന്‍ ഇടം അന്വേഷിക്കുകയാണ് ദേവയാനിയും കുടുംബവും.