റാന്നി: ളാഹ എസ്റ്റേറ്റിൽ ടാപ്പിംഗ് നടത്തുകയായിരുന്ന വനിതാ തൊഴിലാളിയുടെ കൺമുന്പിൽ കടുവ. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ളാഹ ഹാരിസൺ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ശോഭനയാണ് കടുവയെ കണ്ടത്.
ഇന്നലെ പുലർച്ചെ എസ്റ്റേറ്റിന്റെ പുതുക്കട ഭാഗത്ത് ടാപ്പിംഗ് നടത്തുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കുമ്പോൾ കടുവ തന്റെ നേരേ നടന്നു വരികയായിരുന്നുവെന്നു ശോഭന പറഞ്ഞു.
ബഹളം വച്ച് ഓടി സ്വകാര്യ ക്രഷറിലേക്കുള്ള റോഡിൽ കയറി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം പശുക്കുട്ടിയെയും കടുവ പിടിച്ചനിലയിൽ കണ്ടിരുന്നു. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് ലയത്തിനു സമീപം കടുവ ഇറങ്ങി പശുക്കുട്ടിയെ ആക്രമിച്ചത്. ആളുകൾ കൂടി നിൽക്കുന്പോൾ തന്നെ കടുവ വീണ്ടും എത്തി പശുക്കുട്ടിയുടെ ജഡം എടുത്തുകൊണ്ടുപോയി.
എസ്റ്റേറ്റിൽ കടുവയെ കണ്ടതോടെ ആളുകൾ കൂടുതൽ ഭീതിയിലായി. നൂറുകണക്കിനു തോട്ടം തൊഴിലാളികളാണ് ളാഹ എസ്റ്റേറ്റിൽ വെളുപ്പിനെ ടാപ്പിംഗിനു പോകുന്നത്. ശബരിമല വനമേഖലയോടു ചേർന്ന് ഏറെ ജനവാസമുള്ള പ്രദേശങ്ങളാണ് ളാഹ, പുതുക്കട ഭാഗങ്ങൾ.
കടുവയെ കുടുക്കാൻ കൂട് വയ്ക്കണം
ളാഹ എസ്റ്റേറ്റിന്റെ പുതുക്കട മേഖലയിൽ കടുവയുടെ സാന്നിധ്യം നിരന്തരം ഉണ്ടായ സാഹചര്യത്തിൽ ഇവിടെ കൂട് വയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമോദ് നാരായൺ എംഎൽഎ മന്ത്രി എ.കെ. ശശീന്ദ്രനോട് അഭ്യർഥിച്ചു.
അതോടൊപ്പം വനം വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.
കഴിഞ്ഞദിവസം കടുവയെ നിരീക്ഷിക്കാനായി വനം വകുപ്പ് കാമറ സ്ഥാപിച്ചിരുന്നു. ജനങ്ങളുടെ ഭീതി അകറ്റാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു റാന്നി ഡിഎഫ്ഒയോടും എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.