കോഴഞ്ചേരി: നാരങ്ങാനത്തെ അടച്ചിട്ട വീട്ടിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ യുവാവും യുവതിയും നിരവധി മോഷണക്കേസുകളില്‍ പ്രതികളെന്നു പോലീസ്. റാന്നി തെക്കേപ്പുറം ബ്ലോക്ക് പടിക്ക് സമീപം ലളിതമ്മയുടെ മകള്‍ ലത ( സുമ -40), വടശേരിക്കര മുള്ളന്‍പാറയില്‍ അനീഷ് ബി. നായര്‍ (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നാരങ്ങാനത്ത് ആള്‍പ്പാര്‍പ്പില്ലാത്ത, അയിരൂര്‍, കോറ്റാത്തൂര്‍ ഫെഡറല്‍ ബാങ്ക് ശാഖ, വടശേരിക്കര എസ്ബിഡി എടിഎം, വടശേരിക്കര ജില്ലാ ബാങ്ക് ശാഖ, പ്രയാര്‍ മഹാവിഷ്ണു ക്ഷേത്രം, കീക്കൊഴൂര്‍ ചെറുവള്ളിക്കാവ് ദേവീ ക്ഷേത്രം, ഇടമുറി റാന്നി തോട്ടമണ്‍ കാവ് ദേവീ ക്ഷേത്രം, പുതുക്കുളം, ചെറുകോല്‍പ്പുഴ ക്ഷേത്രങ്ങള്‍ എന്നിങ്ങനെ ജില്ലയിലും പുറത്തുമായി 50 ഓളം മോഷണക്കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറയുന്നു.
സമീപകാലത്തു ജില്ലയില്‍ നടന്ന മോഷണവും മോഷണശ്രമങ്ങളുമെല്ലാം ഇരുവരുടെയും സംഘമാണ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍.നേരത്തേ വിവാഹിതയായ ലത ഇവരുടെ മകന്റെ സുഹൃത്തായ അനീഷിനോടൊപ്പമാണ് മിക്ക മോഷണങ്ങളും നടത്തിയത്. എന്നാല്‍ ഇതില്‍ നിന്നൊന്നും കാര്യമായ സാമ്പത്തിക നേട്ടം പ്രതികള്‍ക്കുണ്ടായിട്ടില്ലെന്നും പോലീസ് പറയുന്നു. കോറ്റാത്തൂര്‍ ബാങ്കിന്റെ ജനല്‍കമ്പി മുറിച്ച് അകത്തുകടന്ന ഇവര്‍ക്ക് സ്‌ട്രോംഗ് റൂം തുറക്കാന്‍ കഴിഞ്ഞിരുന്നല്ല. ഇവിടുത്തെ സിസി ടിവിയില്‍ ഇവരുടെ രൂപം തെളിയുകയും ചെയ്തിരുന്നു. ബാങ്കിനുള്ളില്‍ മുളകുപൊടി വിതറി അന്വേഷണം വഴിതിരിച്ചുവിടാന്‍ മാത്രമാണ് ഇവര്‍ക്ക് കഴിഞ്ഞത്. വടശേരിക്കരയിലെ ജില്ലാബാങ്ക് ശാഖയിലാകട്ടെ സ്‌ട്രോംഗ് റൂമിന്റെ അടുത്തെത്താനെ ഇവര്‍ക്ക് കഴിഞ്ഞുള്ളൂ. എസ്ബിടി എടിഎം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല.
കീക്കൊഴൂര്‍ ചെറുവള്ളിക്കാവ് ക്ഷേത്രത്തില്‍ നിന്നും 10000 രൂപയോളം ലഭിച്ചു. മറ്റിടങ്ങളില്‍നിന്നെല്ലാം ചെറിയ തുക മാത്രമാണ് ഇവര്‍ക്ക് ലഭിച്ചത്. പലയിടത്തും ഇവരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു.നാരങ്ങാനം ചാന്തിരത്തില്‍പടി ശ്രീനിലയത്തില്‍ സി.ആര്‍ മനോജിന്റെ ആള്‍താമസമില്ലാത്ത വീട്ടില്‍ അര്‍ധരാത്രിയില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ അതുവഴി എത്തിയ പോലീസിനെ കണ്ട് ഓടി മറയുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ചാണ് ഓടിമറഞ്ഞത്. കാറില്‍ നിന്നും ഇവരുടെ തിരിച്ചറിയല്‍ രേഖ, ലൈസന്‍സ് എന്നിവ കണ്ടെടുക്കുകയും ചെയ്തു. കാറില്‍ നിന്ന് യുവതിയുടെ ഒരു ജോഡി ചെരിപ്പുകള്‍ കൂടി കണ്ടെത്തിയതോടെ സംഘത്തെ സംബന്ധിച്ച സൂചനകള്‍ പോലീസിനു വേഗത്തില്‍ ലഭിച്ചു.
ആറന്മുള എസ്‌ഐ അശ്വിത് എസ്. കാരാണ്‍മയിലും സംഘവും നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ പ്രതികളെ സംബന്ധിച്ച സൂചനകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ജില്ലയില്‍ സമീപകാലത്തു നടന്ന ബാങ്ക്, എടിഎം കവര്‍ച്ചാശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ചേര്‍ത്താണ് അന്വേഷണം നടത്തിയത്. പല കേസുകളിലും സമാനതകള്‍ കണ്ടതോടെ നാരങ്ങാനത്തെ കേസില്‍ തിരിച്ചറിഞ്ഞവരിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു. വടശേരിക്കര എസ്ബിടി എടിഎം കുത്തിത്തുറക്കാന്‍ ശ്രമിച്ചത് അനീഷ് തനിച്ചാണെന്നാണ് വിവരം. എന്നാല്‍ കോറ്റാത്തൂര്‍ ബാങ്ക് ശാഖ കെട്ടിടം പൊളിക്കാനെത്തിയപ്പോള്‍ ലതയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. റിമാന്‍ഡിലായവരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് അപേക്ഷ നല്‍കും.