പയ്യന്നൂര്‍: കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി അഷറഫലിയെ പയ്യന്നൂർ സബ് ഡിവിഷൻ ക്രൈം സ്ക്വാഡിന്റെ പിടിയിൽ. പെരുന്പയിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തി വരുന്നതിനിടെ കർണാടകത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പയ്യന്നൂര്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ള ആളുമായി രൂപ സാദൃശ്യം തോന്നിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്ക്വാഡ് ഇയാൾക്കായി അന്വേഷണം നടത്തിയത്.
പയ്യന്നൂരിലെത്തിച്ച ഇയാളെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്ന് തെളിഞ്ഞു എന്നാൽ ഇയാൾ മഞ്ചേശ്വരം, കുന്പള പോലീസ് സ്റ്റേഷനുകളിൽ നിരവധി കവർച്ചകളിൽ പ്രതിയാണെന്ന് കണ്ടെത്തി. മഞ്ചേശ്വരം, കുന്പള, മേൽപ്പറന്പ് പോലീസ് സ്റ്റേഷനുകളിൽ നാലു വീതവും ബദിയടക്കയിൽ രണ്ടു കേസുകളിലും പ്രതിയാണിയാൾ.
കൂടാതെ കാഞ്ഞങ്ങാട്, കാസർഗോഡ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകളുണ്ടായിരുന്നു. ക്രൈം സ്ക്വാഡിന്റെ പിടിയിലായ പ്രതി പയ്യന്നൂരിലുണ്ടെന്നറിഞ്ഞ് കുന്പളപോലീസും പയ്യന്നൂരിലെത്തിയിരുന്നു.കുമ്പള മംഗല്പാടി ബേക്കൂരിലെ ആയിഷ യൂസഫിന്റെ വീട്ടില്‍ കവര്‍ച്ച നടത്തി ഐ ഫോണും വിലപ്പെട്ട രേഖകളും റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളുമായി കടന്നുകളഞ്ഞ കേസിലെ പ്രതിയാണ് ഇയാളെന്ന് കുന്പള പോലീസ് പറഞ്ഞു.
മറ്റൊരു കേസില്‍ പ്രതിയായ ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്ന വിരലടയാളങ്ങളും ഒത്തു നോക്കിയാണ് മംഗല്‍പാടിയിലെ മോഷ്ടാവ് ഇയാളാണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്ന് പയ്യന്നൂരിലെ അന്വേഷകസംഘം ഇയാളെ കുമ്പള പോലീസിന് കൈമാറുകയായിരുന്നു.
പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി കവര്‍ച്ചക്കാരെ പിടികൂടി പോലീസ് ചോദ്യം ചെയ്തിരുന്നു. അവര്‍ക്കൊന്നും പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധമില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതേസമയം മറ്റു പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന കവര്‍ച്ചാ കേസുകളില്‍ പ്രതികളായിരുന്നവരെ അതാതു പോലീസ് സ്റ്റേഷനുകളിലേക്ക് കൈമാറാന്‍ കഴിഞ്ഞുവെന്ന നേട്ടവും പ്രത്യേക ക്രൈം സ്ക്വാഡിനുണ്ട്.