കോട്ടയം: മഴയ്ക്കു ചെറിയ ശമനമായെങ്കിലും കോട്ടയത്തിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കദുരിതം തുടരുന്നു. വെള്ളപ്പൊക്കത്തിനൊപ്പം ചുഴലിക്കാറ്റിലും വന്‍ നാശനഷ്ടമാണു സംഭവിച്ചത്.
കുമരകം, തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ഇപ്പോഴും വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപഴുകി വീണ് വൈദ്യുതി വിതരണം താറുമാറാകുകയും ചെയ്തു.
പലയിടത്തും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു വരുന്നതേയുള്ളു. കുമരകത്ത് രണ്ട് വീടുകളും ഒരു വ്യവസായ സ്ഥാപനവും ഒരു ഷെഡും കാറ്റില്‍ തകര്‍ന്നു.
കണ്ണാടിച്ചാലില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് നടപ്പാതയിലേക്ക് ഏതു നിമിഷവും വീഴുന്ന അവസ്ഥയിലാണ്. രാത്രിയില്‍ പെയ്ത ശക്തമായ കാറ്റിലും ആഞ്ഞടിച്ച ചുഴലിക്കാറ്റിലും കുമരകം റോഡില്‍ നിരവധി വാഹനങ്ങള്‍ നിയന്ത്രണം വിട്ടു.
കുമരകം റോഡില്‍ അറുപറ, ഇല്ലിക്കല്‍, ആമ്പക്കുഴി, ചെങ്ങളം പ്രദേശങ്ങളില്‍ വെള്ളം കയറിയെങ്കിലും ഗതാഗതത്തിനു തടസമില്ല. തിരുവാര്‍പ്പിലെയും അയ്മനത്തെയും താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല.
അതേസമയം, പ്രളയ ബാധിതര്‍ക്ക് സുരക്ഷ ഒരുക്കാന്‍ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ചു.
കോട്ടയം താലൂക്കില്‍ എട്ടു ക്യാമ്പുകള്‍
കോട്ടയം: മഴയെത്തുടര്‍ന്ന് ജില്ലയില്‍ എട്ടു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കോട്ടയം താലൂക്കില്‍ എട്ടു ക്യാമ്പുകളിലായി 30 കുടുംബങ്ങളില്‍ നിന്നുള്ള 95 പേരെ പാര്‍പ്പിച്ചിട്ടുണ്ട്. ഇവരില്‍ 39 പുരുഷന്മാരും 39 സ്ത്രീകളും 17 കുട്ടികളുമുണ്ട്.