പറമ്പിൽ നിന്ന് രണ്ടു തേങ്ങ പെറുക്കിയെടുത്ത് കടയിൽ വിറ്റ് പച്ചമത്തി വാങ്ങുന്നത് ഇനി നടക്കില്ല. നിലവിലെ മത്തിയുടെ വില അനുസരിച്ചാണെങ്കിൽ (കിലോഗ്രാമിന് 300 രൂപ നിരക്കിൽ) 10 കിലോ തേങ്ങ മതിയാകില്ല ഒരു കിലോ മത്തി വാങ്ങാൻ.
സംഭരണമില്ല, പ്രഖ്യാപിച്ച തറവിലയില്ല, സബ്സിഡിയില്ല നാളികേര കർഷകരെ തീർത്തും അവഗണിച്ചിരിക്കുകയാണ് സർക്കാർ. 37 രൂപ വിലയുണ്ടായിരുന്ന പച്ചത്തേങ്ങയ്ക്ക് ഇപ്പോൾ കിലോഗ്രാമിന് 28 രൂപയായി താഴ്ന്നിരിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പച്ചത്തേങ്ങ കിലോയ്ക്ക് 16 രൂപ വിലയുണ്ടായിരുന്നപ്പോൾ 25 രൂപ നിരക്കിൽ സംഭരിച്ചിരുന്നു. എൽഡിഎഫ് സർക്കാർ 27 രൂപ വിലയുണ്ടായിരുന്നപ്പോൾ 32 രൂപ നിരക്കിൽ സംഭരിച്ചെങ്കിലും തറവില 34 രൂപയായി ഉയർത്തിയപ്പോൾ കൃഷിഭവൻ മുഖേന സംഭരണം നടത്തിയില്ല.
കേരഫെഡ് മുഖേന 2023ൽ 34 രൂപ നിരക്കിൽ സംഭരിച്ച തേങ്ങയുടെ സബസിഡി സംസ്ഥാന സർക്കാർ ഇതുവരെയും വിതരണം ചെയ്തിട്ടില്ല. കിലോയ്ക്ക് 4.68 രൂപയായിരുന്നു സബ്സിഡി. കോടിക്കണക്കിന് രൂപയാണ് കർഷകർക്ക് വിതരണം ചെയ്യേണ്ടത്. അതിനാൽ, ഇത്തവണ പച്ചത്തേങ്ങ സംഭരണത്തിന് സൊസൈറ്റികളോ കേരഫെഡോ മുന്നോട്ടുവരാത്തതും നാളികേര കർഷകരെ പ്രതിസന്ധിയിലാക്കി.
വില ഇനിയും കുറയും
കർണാടക, തമിഴ്നാട് സർക്കാരുകൾ നാഫെഡ് മുഖേന സംഭരിച്ചുവച്ചിരിക്കുന്ന കൊപ്ര ജൂലൈ-ഓഗസ്റ്റിൽ വിൽക്കുന്നതോടെ കേരളത്തിൽ ഇനിയും തേങ്ങയുടെ വില കുറയുമെന്നാണ് വ്യാപാരികൾ പറയുന്നത്. രണ്ടു സംസ്ഥാനങ്ങളിലുമായി 1,10,000 ടൗൺ കൊപ്രയാണ് സംഭരിച്ചിരിക്കുന്നത്. തമിഴ്നാട് ജൂലൈയിലും കർണാടക ഓഗസ്റ്റിലുമാണ് വിൽക്കുന്നത്. അതിനാൽ, കേരള സർക്കാർ അടിയന്തര നടപടികൾ നാളികേര സംഭരണത്തിന്റെ കാര്യത്തിൽ കൈക്കൊള്ളണമെന്നാണ് ആവശ്യം.
ചെലവേറി
നിലവിലുള്ള വിലയിൽ തേങ്ങ വിപണിയിൽ എത്തിച്ചാൽ ഒരു തേങ്ങയ്ക്ക് ഏഴുരൂപയാണ് നിലവിൽ കർഷകന് ലഭിക്കുന്നത്. വില കൂടിയ സമയത്ത് 10 രൂപവരെ ലഭിച്ചിരുന്നു. തേങ്ങ പൊതിക്കുന്ന കൂലി തേങ്ങ ഒന്നിന് ഒരു രൂപയിൽ നിന്നും ഒന്നേകാൽ രൂപയായി. തെങ്ങിൽ കയറുന്നതിന് 50 രൂപയാണ് കൂലി. തെങ്ങിന് വളമിടുന്ന സമയമാണിത്. സ്റ്റെറാമിൽ വളത്തിന് കിലോയ്ക്ക് 34 രൂപയാണ് വില. മൂന്നു കിലോ വീതം രണ്ടുതവണയെങ്കിലും ഒരു തെങ്ങിന് ഇടണം. അതിനാൽ, തെങ്ങു സംരക്ഷണത്തിന് ചെലവേറുന്നതിനാലും വരുമാനത്തിൽ വലിയ ഇടിവു സംഭവിക്കുകയാണ്.
റെനീഷ് മാത്യു