കോട്ടയം ജില്ലയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍. 1949 ജൂലൈ ഒന്നിന് ജില്ല നിലവില്‍ വരുമ്പോള്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.
ഇന്നത്തെ കോട്ടയം ജില്ലയ്ക്ക് പൗരാണികമായൊരു ചരിത്രമുണ്ട്. തിരുവിതാംകൂറിന്റെ വടക്കന്‍ ഡിവിഷന്റെ ആസ്ഥാനം 1880ല്‍ ചേര്‍ത്തലയില്‍നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയര്‍ത്തിയതും ടി. മാധവറാവു ദിവാന് പേഷ്കാരായിരുന്ന കാലത്താണ്. ആധുനിക കോട്ടയത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്. പോലീസ് സ്റ്റേഷന്, കോടതി, പബ്ലിക് ലൈബ്രറി, ജില്ലാ ആശുപത്രി എന്നിവയുടെയൊക്കെ സ്ഥാപകന്‍ ഇദ്ദേഹമാണ്. വൈവിധ്യങ്ങളിലും നേട്ടങ്ങളിലും തനതായൊരു ചരിത്രം കോട്ടയത്തിനുണ്ട്.
ദീപിക ഉള്‍പ്പെടെ മുന്‍നിര പത്രങ്ങളുടെയും ആഴ്ചപ്പതിപ്പുകളുടെയും മാസികളുടെയും തറവാട്. കെ.ആര്. നാരായണന്, പി.കെ. വാസുദേവന്‍ നായര്‍, ഉമ്മന്‍ ചാണ്ടി, കെ.എം. മാണി, ആര്.വി. തോമസ്, പി.ടി. ചാക്കോ, എ.ജെ. ജോണ്‍, അക്കാമ്മ ചെറിയാന് തുടങ്ങി പ്രമുഖരുടെ നാട്. രാമപുരത്ത് വാര്യരും ഡിസി കിഴക്കേമുറിയും വൈക്കം മുഹമ്മദ് ബഷീറും മുട്ടത്തു വർക്കിയും പൊന്‍കുന്നം വര്‍ക്കിയും അരുന്ധതി റോയിയും ഉള്‍പ്പെടെ സാഹിത്യപ്രതിഭകള്‍. മമ്മൂട്ടി തുടങ്ങിയ നായകതാരങ്ങള്‍.
വിദ്യാഭ്യാസത്തിലും കൃഷിയിലും ചികിത്സാമികവിലും കോട്ടയം മുന്നിലാണ്. സിഎംഎസ്, സെന്റ് ബെര്‍ക്കുമാന്‍സ് തുടങ്ങിയ മുന്‍നിര കലാലയങ്ങള്‍.
കോട്ടയം മെഡിക്കല്‍ കോളജ്, എംജി വാഴ്സിറ്റി, റബര്‍ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍. കാര്‍ഷിക അധ്വാനത്തിലെയും വിദ്യാഭ്യാസത്തിലെയും മികവാണ് കോട്ടയത്തിന് കരുത്തു പകരുന്നത്. ആഗോളകുടിയേറ്റത്തിലും ജില്ല മുന്‍നിരയിലുണ്ട്. ആത്മീയരംഗത്തും തനതു പെരുമയുള്ള നാട്. കല, കായികം, സാഹിത്യം, സംസ്കാരം എന്നിവയില്‍ അനേകം പ്രതിഭകള്‍ക്ക് ജന്മം നല്കിയ മണ്ണ്.
ചാവറ കുരിയാക്കോസ് ഏലിയാസച്ചന്, അല്‍ഫോന്‍സാമ്മ, തേവര്‍പറമ്പില്‍ കുഞ്ഞച്ചന് തുടങ്ങിയ പൂജ്യവ്യക്തികളുടെ നിര. അനേകം തീര്‍ഥാടനകേന്ദ്രങ്ങള്‍…
കോട്ടയം ഒറ്റനോട്ടത്തിൽ
വിസ്തൃതി -2208 ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ-1974551
സാക്ഷരത-97.21 ശതമാനം
റവന്യു ഡിവിഷന്-2
താലൂക്കുകള്‍-കോട്ടയം, ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍
വില്ലേജ്-100
നഗരസഭകള്‍-കോട്ടയം, ചങ്ങനാശേരി, വൈക്കം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, പാലാ
ബ്ലോക്ക് പഞ്ചായത്തുകള്‍-11
പഞ്ചായത്തുകള്‍-71
കോളജുകള്‍-42
അസംബ്ലി മണ്ഡലങ്ങള്‍-കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി
പ്രധാന നദികള്‍-മീനച്ചിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍
വിനോദ സഞ്ചാരകേന്ദ്രങ്ങള്‍-കുമരകം, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ, അരുവിക്കുഴി വെള്ളച്ചാട്ടം