താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഇടവേളയിട്ട് ഇടവേള ബാബു. അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി സിദ്ധിഖ് തെരഞ്ഞെടുക്കപ്പെട്ടു. തന്റെ വിരമിക്കൽ പ്രസംഗത്തിൽ ഇടവേള ബാബു നടത്തിയ പ്രസംഗമാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്.
‘തനിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും സംഘടനയിലെ അംഗങ്ങള്‍ ഒപ്പം നിന്നില്ല. ചിലർ വളഞ്ഞിട്ട് ആക്രമിച്ചു.
പലരും പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ച് അപഹസിച്ചു. അപ്പോഴൊന്നും അമ്മയിലെ ഒരാള്‍ പോലും തന്നെ പിന്തുണയ്ക്കാനുണ്ടായില്ല. തന്നെ ബലിയാടാക്കിയിട്ടും ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു. ആരിൽ നിന്നും യാതൊരു സഹായവും കിട്ടിയില്ല. നിയുക്ത ഭരണ സമിതിക്ക് ഇങ്ങനെയൊരു ദുരനുഭവം ഉണ്ടാവരുത്’ എന്ന് അദ്ദേഹം പറഞ്ഞു.
എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം, ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി പറച്ചിലോടെയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. 24 വർഷം അമ്മയുടെ സെക്രട്ടറി, ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ച ശേഷമാണ് ഈ പടിയിറക്കം.