ഉപ്പുതറ: പെരിയാർ മുറിച്ചു കടക്കാൻ നാട്ടുകാർ കെട്ടിയുണ്ടാക്കിയ മുളംചങ്ങാടം ഒഴുകിപ്പോയി. ഇരുകരകളിൽ ഇരുമ്പു കമ്പിയിൽ ബന്ധിപ്പിച്ച് കയർ വലിച്ച് പുഴ കടക്കാമായിരുന്ന ചങ്ങാടം വെള്ളിയാഴ്ചയാണ് ഒഴുകി പോയത്.
ഇതോടെ മറുകരയെത്താൻ ദുർഘട പാതയിലൂടെ കിലോ മിറ്ററുകൾ നടക്കേണ്ട ഗതികേടിലാണ് പൊരികണ്ണിയിലെ 150 ഓളം കുടുംബങ്ങൾ. സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരും കഷ്ടപ്പെടുകയാണ്.
ഇവർക്കെല്ലാം സംസ്ഥാന പാതയിലെത്തി യാത്ര ചെയ്യുണമെങ്കിൽ പെരിയാർ മുറിച്ചു കടക്കണം.വർഷങ്ങളുടെ മുറവിളിക്കു ശേഷം ആലടി- പൊരികണ്ണി പ്രദേശങ്ങളെ ബന്ധിപ്പിച്ച് പെരിയാറിനു കുറുകെ നടപ്പാലം പണിയാൻ 2002ൽ കെ. ഫ്രാൻസിസ് ജോർജ് എംപി രണ്ടു കോടി രൂപ അനുവദിച്ചിരുന്നു.
ഇരുമ്പു കേഡറിൽ നിർമിച്ച നടപ്പാലം 2018ലെ മഹാപ്രളയത്തിൽ ഒലിച്ചു പോയി. ഉടൻ ഇവിടെ കോൺക്രീറ്റു പാലം പണിയുമെന്ന് അന്നു സ്ഥലത്തു വന്ന ജനപ്രതിനിധികളും റവന്യു അധികൃതരും നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നതാണ്.
പാലം പണിയാൻ ഒൻപതു കോടി അനുവദിച്ച സർക്കാരിനും എംഎൽഎയ്ക്കും അഭിവാദ്യം അർപ്പിച്ച് 2021ൽ എൽഡിഎഫ് പ്രവർത്തകർ ഫ്ലക്സ് ബോർഡും സ്ഥാപിച്ചെങ്കിലും നടപ്പാലം ഉണ്ടായില്ല.