താര സംഘടനയായ ‘അമ്മ’യുടെ വാർഷിക യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരോട് സുരക്ഷാ ജീവനക്കാർ മോശമായി പെരുമാറിയതിൽ മാപ്പ് പറഞ്ഞ് സംഘടനാ ജനറൽ സെക്രട്ടറി സിദ്ദിഖ്.
തന്റെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് ഇതിന് കാരണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സിദ്ദിഖ് ഉറപ്പ് നൽകി. മാധ്യമ പ്രവർത്തകർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സിദ്ദിഖ് അറിയിച്ചു.
ഞായർ രാവിലെ നടന്ന ചടങ്ങിൽ 10 മുതൽ 10 മിനിറ്റ് സമയം യോഗഹാളിനുള്ളിൽ കടന്നു ചിത്രങ്ങളും ദൃശ്യങ്ങളും പകർത്താൻ മാധ്യമപ്രവർത്തകർക്ക് അനുവാദം ഉണ്ടെന്ന മുൻകൂർ അറിയിപ്പു ലഭിച്ചതിനാലാണു മാധ്യമപ്രവർത്തകർ യോഗവേദിയിൽ എത്തിയത്. എന്നാൽ, സംഘാടകരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ രീതിയിലുള്ള പെരുമാറ്റമായിരുന്നു ഇവർ നേരിട്ടത്.
കൺവൻഷൻ ഹാളിനുള്ളിലേക്ക് കടക്കാൻ ഇവരെ അനുവദിച്ചില്ല. പെരുമഴയത്ത് കാത്തു നിൽക്കേണ്ട അവസ്ഥ വന്നപ്പോൾ മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു. അതിനു ശേഷമാണ് അകത്ത് കടക്കാൻ അനുമതി നൽകിയത്. വിളിച്ചുവരുത്തി അപമാനിക്കുക എന്നത് അമ്മയ്ക്കെന്നല്ല ഒരു സംഘടനയ്ക്കും ഭൂഷണമല്ലെന്നും മാധ്യമപ്രവർത്തകർ പ്രതികരിച്ചു.