എന്‍ജിനിയറിംഗ് പഠനം പാതിവഴിയില്‍ നിര്‍ത്തി, റിയാലിറ്റി ഷോയില്‍ തിളങ്ങി, സിനിമയോടു മൊഹബത്തിലായ തിരുവനന്തപുരം പെണ്‍കുട്ടി. വൈശാഖിന്റെ മമ്മൂട്ടി സിനിമ ടര്‍ബോയിലെ നിരഞ്ജന. മമ്മൂട്ടിക്കൊപ്പമുള്ള വമ്പന്‍ സ്ക്രീന്‍ സ്പേസിന്റെ ത്രില്ലിലാണ് യുവതാരം ആമിന നിജാം. റിലീസിനൊരുങ്ങിയ പട്ടാപ്പകല്‍, ടര്‍ക്കിഷ് തര്‍ക്കം എന്നിവയിലും വേഷങ്ങള്‍. ‘മമ്മൂക്കയുടെ കഥാപാത്രവുമായി ഫ്രണ്ട്ഷിപ്പും അനിയത്തി ഫീലുമുള്ള വേഷം. ത്രൂഔട്ട് റോള്‍…അതും ഫുള്‍ കോമ്പിനേഷന്‍ മമ്മൂക്കയുടെ കൂടെ. ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല’- ആമിന രാഷ്്ട്രദീപികയോടു പറഞ്ഞു.
അഞ്ചാം പാതിര
വടകര മിഡെറ്റില് സിവില്‍ എന്‍ജി. പഠനത്തിനിടെ സിനിമയോടു താത്പര്യമായി. ഓഡിഷൻ കടന്നു നായിക നായകന് അഭിനയ റിയാലിറ്റി ഷോയിലെത്തി. അതിലെ പെര്‍ഫോമന്‍സ് ഹിറ്റായതോടെ വീട്ടുകാരും സപ്പോർട്ടായി. ആ വേദി എനിക്കു നല്ല തുടക്കമായി. തുടര്‍ന്ന് മിഥുന് മാനുവല്‍ തോമസിന്റെ അഞ്ചാംപാതിരയില്‍ കാരക്ടര്‍ വേഷം. ഷൂട്ടിംഗിനിടെയായിരുന്നു എന്റെ കഥാപാത്രത്തിന്റെ ഓഡിഷന്.
വിക്കി മറിയ…അതാണു വേഷം. സ്മോക്കും ഡ്രിങ്കും ചെയ്യാത്ത എനിക്കു നേര് വിപരീത വേഷം! പെര്‍ഫോമന്‍സിനു ശേഷം കാമറാമാന് ഷൈജു ഖാലിദ് ഉള്‍പ്പെടെയുള്ളവരില്‍നിന്ന് നല്ല കമന്റുണ്ടായത് ആത്മവിശ്വാസമേകി. കോവിഡ്കാലത്ത് ലവ് ഔട്ട് ഫോര്‍ ഡെലിവറി, ഫെനി, ലൈഫ് ജോര് എന്നിങ്ങനെ മൂന്നു വെബ്സീരീസും ബക്കു, ഷെഫ് എന്നീ ഷോര്‍ട്ട് ഫിലിമുകളും ചെയ്തു. ജോലിയില്‍ സംതൃപ്തി, സന്തോഷം…ഇനി സിവില്‍ വേണ്ട, സിനിമ മതിയെന്നുറപ്പിച്ചു.
ടര്‍ബോ
ലോക്ക്ഡൗണ്‍ സമയത്തു ഞാന്‍ വൈശാഖ് സാറിനു മെസേജ് അയച്ചിരുന്നു. പുലി മുരുകനൊക്കെ കണ്ടപ്പോള്‍ ഒപ്പം വര്‍ക്ക് ചെയ്യണം എന്നു തോന്നിയിരുന്നു. പക്ഷേ, മൂന്നു വര്‍ഷം കഴിഞ്ഞു ടര്‍ബോ തുടങ്ങുന്ന സമയത്താണ് അദ്ദേഹം എന്റെ മെസേജ് കണ്ടതും തിരിച്ചുവിളിച്ചതും! ടര്‍ബോ ജോസിനെക്കുറിച്ചും അതു ചെയ്യുന്നതു മമ്മൂക്കയാണെന്നും പറഞ്ഞു. ചേരുന്ന വേഷമുണ്ടെങ്കിൽ ഇതില്‍ പരിഗണിക്കാമെന്നും.
മിഥുന് മാനുവലാണ് ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയതെന്ന് അപ്പോഴും എനിക്കറിയില്ല. എന്റെ ലുക്ക് കഥാപാത്രത്തിനു സെറ്റാണെന്നു കണ്ടതോടെ എന്നെ ടര്ബോയിലെടുത്തു. നന്നായി അഭിനയിക്കുമെന്ന മിഥുന് ചേട്ടന്റെ സപ്പോര്‍ട്ടും തുണയായി. അങ്ങനെ ഞാന്‍ നിരഞ്ജനയായി.
നിരഞ്ജന…
നായിക അഞ്ജനയുടെ കുഞ്ഞനിയത്തി വേഷം. നിരഞ്ജന വൈബ്രന്റും മോഡേണുമാണ്. എവിടെയും എപ്പോഴും എടുത്തുചാടി നില്ക്കുന്ന ഇരുപത്തൊന്നുകാരി. സംസാരത്തിലും വേഷത്തിലുമെല്ലാം അതു തോന്നണമെന്നു സംവിധായകന് പറഞ്ഞിരുന്നു. ചേച്ചിയോടു സ്നേഹമുണ്ടെങ്കിലും വെറുതേ പോയി ചൊറിയുന്ന സ്വഭാവം. കോസ്റ്റ്യൂമും ഹെയര്‍ സ്റ്റൈലും അതിനനുസരിച്ച് ആകർഷകമായി സെറ്റ് ചെയ്തു. ഹെയര്‍ കളര്‍ ചെയ്തു. ഷോര്‍ട്ടാക്കി. ശരീരഭാരം കുറച്ചു. മൊത്തത്തില്‍ ലുക്ക് മാറ്റി. അങ്ങനെ അയച്ച റഫറന്‍സുകള്‍ അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെ ലുക്കും സ്റ്റൈലും സെറ്റായി.
മമ്മൂട്ടി കമ്പനി!
അഞ്ജനയുമായുള്ള ഫോണ്‍ സംഭാഷണ സീനാണ് ആദ്യമെടുത്തത്. പിന്നീടായിരുന്നു മമ്മൂക്കയുമായുള്ള കോമ്പിനേഷനുകൾ. മമ്മൂക്കയെന്ന താരത്തിനൊപ്പം, അനുഭവസമ്പത്തുള്ള നടനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ പരിഭ്രമം ഉണ്ടായിരുന്നു. എന്റെ ഭാഗത്തുനിന്നു തെറ്റുപറ്റുമോ എന്ന പേടിയും. രണ്ടു ദിവസമായപ്പോഴേക്കും എല്ലാം കംഫര്‍ട്ടബിളായി. മമ്മൂക്ക കൂളായി സംസാരിച്ചു, എന്നെ കൂളാക്കി. തമാശകള്‍ പറഞ്ഞ് ടെന്‍ഷന്‍ മാറ്റി. എന്റെ അഭിനയത്തിലെ തീരെ ചെറിയ കാര്യങ്ങള്‍ പോലും നിരീക്ഷിച്ചു പറഞ്ഞുതന്നു.
വിന്‍ഡോ ബ്രേക്കിംഗ്
വിന്‍ഡോ ബ്രേക്കിംഗ് സീന്‍ വലിയ അനുഭവം തന്നെയായിരുന്നു. വണ്ടിയുടെ ചില്ലുടയുന്ന സീനില്‍ എന്റെ ഭാവപ്രകടനങ്ങള്‍ സ്വാഭാവികമാവണം. ഞെട്ടല്‍ കണ്ണിലും മുഖത്തും കൃത്യമായി വരണം. റോഡ് ബ്ലോക്ക് ചെയ്തായിരുന്നു ഷൂട്ടിംഗ്. അധികം ടേക്കുകള്‍ പറ്റില്ല. സമയപരിധിയില്‍ പരമാവധി പെര്‍ഫോമന്‍സ് കൊടുക്കണം…അത്തരം വെല്ലുവിളികള്‍. രണ്ടാമത്തെ ടേക്കില്‍ എല്ലാം ഓകെയായി.
ബിന്ദു പണിക്കര്‍
മമ്മൂക്ക, അഞ്ജന ജയപ്രകാശ്, ബിന്ദുപണിക്കര്‍, ഞാന്‍… വാഹനത്തിലുള്പ്പെടെ ഞങ്ങളുടെ കോമ്പിനേഷന്‍ സീനുകള്‍ ഏറെ. നാലു മാസത്തെ ഷൂട്ടിനിടെ അഞ്ജനയുമായും അടുപ്പമായി. ബിന്ദുചേച്ചി കിടിലന്‍ പെര്‍ഫോര്‍മറാണ്. ആക്ഷന്‍ പറയുന്നതിനു തൊട്ടുമുമ്പു വരെ കോമഡി പറഞ്ഞുകൊണ്ടിരിക്കും.
നമ്മളെല്ലാം ചിരിച്ചുകൊണ്ടിരിക്കും. ആക്ഷന്‍ എന്നു കേള്‍ക്കുമ്പോള്‍ എല്ലാവരും പെട്ടെന്ന് അഭിനയത്തിലേക്കു കടക്കും. ഞാന്‍ അപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നുണ്ടാവും. ‘ബാക്കിയുള്ളവരൊക്കെ ആക്ഷന്‍ കേട്ടാല്‍ കഥാപാത്രമാവും, നീയായിരിക്കും അവസാനം പെടുന്നത്’ എന്നു മമ്മൂക്ക പറഞ്ഞിട്ടുണ്ട്. കളിയായിട്ടാണു പറഞ്ഞതെങ്കിലും ഞാനതു മനസിലേക്ക് എടുത്തു.
പട്ടാപ്പകല്‍, ടര്‍ക്കിഷ് തര്‍ക്കം
ടര്‍ബോയ്ക്ക് ഒരു വര്‍ഷം മുന്നേ അഭിനയിച്ച പടമാണ് പട്ടാപ്പകല്‍. നായകന്, നായിക ടൈപ്പ് സിനിമയല്ല. എല്ലാവര്ക്കും അവരവരുടേതായ ഇടമുണ്ട്. നീളന്‍ മുടിയുള്ള, ഡാന്‍സ് പഠിപ്പിക്കുന്ന, കുറച്ചു പ്രായമൊക്കെയായ നാടന്‍ പെണ്‍കുട്ടിയാണ് എന്റെ കഥാപാത്രം പ്രിയ. നിരഞ്ജനയുടെ ഒപ്പോസിറ്റ്.
ഒരു മോഷണത്തെ ചുറ്റിപ്പറ്റിയുള്ള കോമഡി എന്റര്ടെയ്നര്. കൃഷ്ണശങ്കര്, സുധി കോപ്പ എന്നിവരുമുണ്ട്. ടര്‍ബോയ്ക്കു മുന്നേ ചെയ്ത ടര്‍ക്കിഷ് തര്‍ക്കവും വൈകാതെ റിലീസാകും. ലുക്ക്മാന്റെ നായികയാണ്. എന്റെ കഥാപാത്രം നസ്രത്ത്. പരമ്പരാഗത ചിന്താഗതികള്‍ തകര്‍ത്തെറിഞ്ഞ് ജീവിതം എക്സ്പ്ലോര്‍ ചെയ്യണമെന്നു വിശ്വസിക്കുന്ന പെണ്‍കുട്ടി.
ആറാം തിരുകല്പനയെന്ന പടവും റിലീസിനൊരുങ്ങുന്നു. തമിഴില്‍നിന്നും തെലുങ്കില്‍നിന്നും ഓഫറുകളുണ്ട്. വളരെ ശ്രദ്ധയോടെയാണ് സിനിമകള്‍ കമിറ്റ് ചെയ്യുന്നത്. ഭാവിയില്‍ കൂടുതല്‍ സെലക്ടീവാകാനാണു പ്ലാന്‍.
ടി.ജി. ബൈജുനാഥ്