കൊച്ചി: രാജ്യത്ത് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)യില്‍ ഗുണ്ടകള്‍ക്ക് കുരുക്ക് മുറുകും. ക്വട്ടേഷന്‍ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ നിലയ്ക്ക് നിറുത്താനാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. ഗുണ്ടകള്‍ക്ക് വലിയ ശിക്ഷ കിട്ടുന്ന വകുപ്പുകളാണ് ബിഎന്‍എസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഭാരതീയ ന്യായ സംഹിതയുടെ സെക്ഷന്‍ 111 ലാണ് സംഘടിത കുറ്റകൃത്യങ്ങള്‍ (ഓര്‍ഗനൈസ്ഡ് ക്രൈം) എന്ന വകുപ്പ് പുതുതായി ചേര്‍ത്തിരിക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നവര്‍ കുറ്റകൃത്യങ്ങള്‍ നടത്തി മുങ്ങാമെന്നു കരുതിയാല്‍ വിലങ്ങു വീഴും. കാരണം സംഘടിതമായി നിരന്തരം കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘത്തിലൊരാള്‍ ഒറ്റയ്ക്കു കുറ്റകൃത്യം നടത്തിയാലും സംഘത്തിലുണ്ടായിരുന്നവരും ഇനി കേസില്‍ പെടും. സംഘാംഗങ്ങളായി അവര്‍ ആ ഗ്രൂപ്പില്‍ തുടരുകയാണെങ്കിലാണ് കുറ്റകൃത്യത്തിന്റെ ഭാഗമാകുന്നത്.
മൂന്നു വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ കിട്ടുന്ന കുറ്റകൃത്യങ്ങള്‍ തുടര്‍ച്ചയായി ഒറ്റയ്ക്കോ അല്ലെങ്കില്‍ രണ്ടില്‍ കൂടുതല്‍ പേര് ചേര്‍ന്നോ ചെയ്യുന്ന കുറ്റകൃത്യമാണ് സംഘടിത ക്രൈം സിന്‍ഡിക്കേറ്റ് എന്നതുകൊണ്ട് ഉദേശിക്കുന്നത്.
സാമ്പത്തിക ലാഭത്തിനായി നടത്തുന്ന സംഘടിത കുറ്റകൃത്യങ്ങളില്‍ തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍ കൊലപാതകം, കവര്‍ച്ച, വാഹന മോഷണം, ഭൂമി തട്ടിയെടുക്കല്‍, മോചനദ്രവ്യത്തിനുവേണ്ടിയോ ലൈംഗികത്തൊഴിലിനായോ മനുഷ്യക്കടത്ത്, ആയുധം, ലഹരി ഉത്പന്നങ്ങള്‍ എന്നിവയുടെ കടത്തല്‍, സാമ്പത്തിക തട്ടിപ്പുകള്‍, മണ്ണു മാഫിയ, ബ്ലേഡ് മാഫിയ, ഒരു ക്രൈം സിന്‍ഡിക്കേറ്റിന്റെ പേരില്‍ നടത്തുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍, വിശ്വാസ വഞ്ചന, ഹവാല പണമിടപാട്, വിസ തട്ടിപ്പ് എന്നിവ ഉള്‍പ്പെടും.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘങ്ങള്‍ക്കെതിരേ പത്തു വര്‍ഷത്തിനിടെ രണ്ടില്‍ കൂടുതല്‍ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അടുത്ത തവണ ആസംഘത്തിൽപ്പെട്ട ഒരാള്‍ മാത്രം പ്രതിയായാലും സംഘടിത കുറ്റകൃത്യം എന്ന രീതിയിലായിരിക്കും കേസ് എടുക്കുക. അതായത് മുമ്പ് ശിക്ഷ അനുഭവിച്ചിട്ടുള്ള സംഘത്തിലെ മറ്റുള്ളവര്‍ കൂടി പ്രതിസ്ഥാനത്തേക്ക് എത്തും.
സംഘടിത കുറ്റകൃത്യം എന്നു തെളിഞ്ഞാല്‍ സംഘടിത ക്രൈം സിന്‍ഡിക്കേറ്റില്‍ വരുന്ന പ്രതിക്ക് അഞ്ചു വര്‍ഷത്തില്‍ കുറയാത്ത ശിക്ഷയാണ് വിധിക്കുന്നത്. കുറ്റകൃത്യത്തിനിടെ കൊലപാതകം നടന്നാല്‍ ജീവപര്യന്തം ശിക്ഷയും പത്തു ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ഈടാക്കാനാണ് ഭാരതീയ ന്യായ സംഹിതയിലുള്ളത്.
ഇത്തരത്തിലുള്ള പ്രതിക്ക് ഒളിവില്‍ താമസിക്കാനുള്ള സൗകര്യം ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കും, പ്രതിയായ ഭര്‍ത്താവിനെ ഭാര്യയും ഭാര്യയെ ഭര്‍ത്താവുമാണ് ഒളിപ്പിക്കുന്നതെങ്കില് ശിക്ഷ ഇല്ല എന്നതും ശ്രദ്ധേയമാണ്.
ചെറിയ കുറ്റ കൃത്യങ്ങളായ മോഷണം, മാലപ്പൊട്ടിക്കല്‍, കരിഞ്ചന്തയില്‍ ടിക്കറ്റ് വില്പന എന്നിവയും ഇനി കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.
സീമാ മോഹൻലാൽ