തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്കായി നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ള പദ്ധതിയാണ് ഹെൽത്തി കിഡ്സ് എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. എസ്സിഇആർടി വികസിപ്പിച്ചെടുത്ത ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകരിച്ചതായും മന്ത്രി അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി രണ്ട് പുസ്തകങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. എൽപി വിഭാഗത്തിലെ കുട്ടികൾക്ക് നിലവിലെ ടൈംടേബിൾ പ്രകാരം ആഴ്ചയിൽ ആരോഗ്യ, കായിക വിദ്യാഭ്യാസത്തിന് മൂന്ന് പീരീഡുകളാണ് അനുവദിച്ചിട്ടുള്ളത്.
പദ്ധതി നടപ്പിലാക്കുമ്പോൾ എൽപി വിഭാഗത്തിലെ അധ്യാപകർക്ക് പൊതു വിദ്യാഭ്യാസ വകുപ്പിലെ കായികാധ്യാപകരുടെയും, വിദഗ്ധരുടെയും നേതൃത്വത്തിൽ പരിശീലനം നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
കുട്ടികൾ ആരോഗ്യമുള്ളവരായി വളരണം..
പൊതുവിദ്യാഭ്യാസ വകുപ്പിലെ എൽപി വിഭാഗത്തിൽ പഠിക്കുന്ന കുട്ടികൾക്കായി നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ള പദ്ധതിയാണ് ഹെൽത്തി കിഡ്സ്. എസ്സിഇആർടി വികസിപ്പിച്ചെടുത്ത ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി രണ്ട് പുസ്തകങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. എൽപി വിഭാഗത്തിലെ കുട്ടികൾക്ക് നിലവിലെ ടൈംടേബിൾ പ്രകാരം ആഴ്ചയിൽ ആരോഗ്യ, കായിക വിദ്യാഭ്യാസത്തിന് മൂന്ന് പീരീഡുകളാണ് അനുവദിച്ചിട്ടുള്ളത്.
പദ്ധതി നടപ്പിലാക്കുമ്പോൾ എൽപി വിഭാഗത്തിലെ അധ്യാപകർക്ക് പൊതു വിദ്യാഭ്യാസ വകുപ്പിലെ കായികാധ്യാപകരുടെയും, വിദഗ്ധരുടെയും നേതൃത്വത്തിൽ പരിശീലനം നൽകേണ്ടതുണ്ട്. എൽപി വിഭാഗത്തിലെ എല്ലാ അധ്യാപകർക്കും രണ്ടുമാസം കൊണ്ട് ഈ പരിശീലനം പൂർത്തീകരിക്കുവാൻ സാധിക്കും.
പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുവാൻ സാധിക്കും. ഉപജില്ല തലത്തിൽ തിരഞ്ഞെടുത്ത ഒരു കായികാധ്യാപകന് പദ്ധതിയുടെ ചുമതല നൽകേണ്ടതും പദ്ധതി പുരോഗതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിലയിരുത്തേണ്ടതുമാണ്.
ജില്ലാതലത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുത്ത വിദഗ്ധരെയും കായിക അധ്യാപകരെയും ഉൾക്കൊള്ളുന്ന കമ്മിറ്റി പദ്ധതി പുരോഗതി ജില്ലാതലത്തിൽ വിലയിരുത്തേണ്ടതുണ്ട്.
സംസ്ഥാനതലത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ഇതിനായി തിരഞ്ഞെടുത്ത വിദഗ്ധരെയും, കായികാധ്യാപകരേയും ഉൾപ്പെടുത്തി ഒരു കമ്മറ്റി രൂപീകരിച്ച് ഹെൽത്തി കിഡ്സ് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുവാൻ സാധിക്കും.
ഹെൽത്തി കിഡ്സ് പാഠപുസ്തകം ഔദ്യോഗികമായി പ്രകാശനം ചെയ്യുന്നതിന്റെ ഭാഗമായി എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ. കെ. ജയപ്രകാശ് എനിക്ക് കൈമാറി.