പൊതു സ്ഥലങ്ങളിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ ചിത്രീകരിക്കുന്നതും പങ്കിടുന്നതും ഇപ്പോൾ ട്രെൻഡായി മാറിയിരിക്കുകയാണ്. പല സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും തിരക്കേറിയ സ്ഥലങ്ങളാണ് വീഡിയോ ചിത്രീകരണത്തിനായി തിരഞ്ഞെടുക്കുന്നത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ശ്രദ്ധിക്കപ്പെടുവാൻ വേണ്ടിയാണ് ഇക്കൂട്ടർ ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്.
അടുത്തിടെ ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ അവസാനത്തേത് ഇൻഡിഗോ വിമാനത്തിൽ നിന്നുള്ള വീഡിയോയാണ്. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരിയാണ് മറ്റ് യാത്രക്കാരുടെ ഇടയിൽവച്ച് റീൽ ചിത്രീകരിച്ചത്.
യാത്രക്കാരിൽ ചിലർ ഈ സ്ത്രീയുടെ നൃത്തം ശ്രദ്ധിക്കാത്ത മട്ടിൽ ഇരിക്കുമ്പോൾ മറ്റ് ചിലരാകട്ടെ പരസ്പരം ഞെട്ടലോടെ നോക്കുകയും ചെയ്യുന്നുണ്ട്. സൽമ ഷെയ്ഖ് എന്ന ഉപയോക്താവാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്. തമിഴ് ആക്ഷൻ ചിത്രമായ ബാഷയിലെ ജനപ്രിയ തമിഴ് ഗാനമായ സ്റ്റൈൽ സ്റ്റൈലിൽ എന്ന ഗാനത്തിനാണ് അവർ നൃത്തം ചെയ്യുന്നത്. 2 ദശലക്ഷത്തോളം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയതും.
“യാത്രക്കാരന് വളരെയധികം നാണക്കേട് തോന്നി … മാത്രമല്ല, അത്തരം വിഡ്ഢിത്തങ്ങൾ ചെയ്യുന്നതിന് ഇത് അവരുടെ സ്വകാര്യ വിമാനമല്ല….””വിമാനങ്ങൾ വൈകാനുള്ള കാരണം…” പൊതുസ്ഥലത്ത് ഇത്തരം കാര്യങ്ങൾ ചെയ്യാൻ നമുക്കെല്ലാവർക്കും നാണമില്ലേ? ഓഹ്. അവൾ ധൈര്യശാലിയാണെന്ന് ഞാൻ അഭിനന്ദിക്കണോ അതോ അവളുടെ റീൽ തിരഞ്ഞെടുപ്പുകളെ കളിയാക്കണോ എന്ന് എനിക്കറിയില്ല’എന്നിങ്ങനെ പോകുന്നു വീഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റുകൾ.