ഗാസ: ഇസ്രയേൽ സൈന്യത്തിന്റെ നിർദേശപ്രകാരം വീടുവിട്ട് പലായനം ചെയ്ത പലസ്തീനിലെ പ്രമുഖ ഡോക്ടറും എട്ടംഗ കുടുംബവും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
പലസ്തീനിലെ പ്രമുഖ ത്വക്രോഗ വിദഗ്ധൻ ഹസൻ ഹംദാനും കുടുംബവുമാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ അഞ്ച് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നുവെന്ന് ആശുപത്രി അധികൃതരും രക്ഷപ്പെട്ട ബന്ധുവും പറയുന്നു.
ഇസ്രയേൽ പ്രഖ്യാപിച്ച സുരക്ഷിത മേഖലയിൽ അഭയംതേടിയ കുടുംബമാണ് ആക്രമണത്തിനിരയായത്. തെക്കൻ ഗാസയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ സൈന്യത്തിന്റെ അന്ത്യശാസനത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അർധരാത്രിയാണ് ഡോക്ടറും കുടുംബവും വീടുവിട്ട് പലായനം ചെയ്തത്.
സുരക്ഷിതമേഖലയായ ദെയ്ർ അൽ-ബലാഹ് പട്ടണത്തിലെ ഒരു കെട്ടിടത്തിൽ ഇവർ എത്തിയതിനു ശേഷമാണു വ്യോമാക്രമണമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
ആക്രമണത്തിൽ ഹംദാൻ കുടുംബത്തിലെ ഒൻപതു പേരും മറ്റ് മൂന്നു പേരും കൊല്ലപ്പെട്ടു. ഖാൻ യൂനിസിനു സമീപം അൽ ഖരാര, ബാനി സുഹൈല പ്രദേശങ്ങളിൽനിന്ന് ഒഴിയണമെന്നു തിങ്കളാഴ്ചയാണ് ഇസ്രയേൽ അന്ത്യശാസനം നൽകിയത്.
ഇതോടെ ഏതാനും മാസത്തിനിടെയുള്ള മൂന്നാമത്തെ കൂട്ട പലായനത്തിനാണ് ഇടയായത്. ഏകദേശം 250,000 ആളുകളാണ് ആ പ്രദേശത്ത് തമസിച്ചുവന്നിരുന്നത്.
വെസ്റ്റ് ബാങ്കിൽ ഭൂമി പിടിച്ചെടുത്ത് ഇസ്രയേൽ
ഗാസ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ ഭൂമി പിടിച്ചെടുക്കൽ നടത്തി ഇസ്രയേൽ. ജോർദാൻ താഴ്വരയിലെ 12.7 ചതുരശ്ര കിലോമീറ്റർ ഭൂമി പിടിച്ചെടുക്കുന്നതിന് ഇസ്രയേൽ അംഗീകാരം നൽകിയതായി സന്നദ്ധസംഘടനയായ പീസ് നൗ പറയുന്നു.
കഴിഞ്ഞ മാസം സർക്കാർ അംഗീകാരം നൽകിയ നടപടി ബുധനാഴ്ചയാണ് പുറത്തുവന്നത്. ഭൂമി പിടിച്ചെടുക്കൽ ഹമാസുമായുള്ള നിലവിലെ സംഘർഷം കൂടുതൽ വഷളാക്കിയേക്കും.
മാർച്ചിൽ വെസ്റ്റ് ബാങ്കിൽ എട്ട് ചതുരശ്ര കിലോമീറ്റർ ഭൂമിയും ഫെബ്രുവരിയിൽ 2.6 ചതുരശ്ര കിലോമീറ്റർ ഭൂമിയും പിടിച്ചെടുത്തിരുന്നു.
പാശ്ചാത്യ പിന്തുണയുള്ള പലസ്തീനിയൻ അഥോറിറ്റിയുടെ ആസ്ഥാനം പ്രവർത്തിക്കുന്ന വെസ്റ്റ് ബാങ്ക് നഗരമായ റമല്ലയുടെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്നവയാണു പിടിച്ചെടുത്ത സ്ഥലം.
സർക്കാർഭൂമിയായി പ്രഖ്യാപിച്ചതോടെ ഇസ്രയേലികൾക്ക് സ്ഥലം പാട്ടത്തിനു നൽകാനും പലസ്തീനികളുടെ ഉടമസ്ഥത റദ്ദുചെയ്യാനും കഴിയും. ഇസ്രയേൽ നടപടി ശാശ്വത സമാധന ഉടമ്പടിക്കു തടസമാണെന്നു വിലയിരുത്തപ്പെടുന്നു.
അന്താരാഷ്ട്രസമൂഹം ഇസ്രയേലിന്റെ നടപടി നിയമവിരുദ്ധമായാണ് കണക്കാക്കുന്നത്. വെസ്റ്റ് ബാങ്കിലുടനീളം ഇസ്രായേൽ 100ലധികം സെറ്റിൽമെന്റുകൾ നിർമിച്ചിട്ടുണ്ട്. ഇസ്രയേൽ പൗരത്വമുള്ള 500,000 ജൂത കുടിയേറ്റക്കാർ ഇവിടെ താമസിക്കുന്നുണ്ട്.