കൊച്ചി: അടിയന്തര സഹായത്തിനായി പോലീസിനെ വിളിക്കണം, പക്ഷേ കൈയിലുള്ളത് ഔട്ട് ഗോയിംഗ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവര്‍ത്തന രഹിതമായിരിക്കുന്നതോ ആയ നമ്പറാണ്. എന്നാല്‍ ഇനി ആ നമ്പറില്‍നിന്നും അടിയന്തര പോലീസ് സേവനത്തിനായി 112 എന്ന ഹെല്പ് ലൈന്‍ നമ്പറിലേക്ക് വിളിക്കാം. നിങ്ങളെ സഹായിക്കാനായി പോലീസ് ഉടനെത്തും.
100ല്‍ നിന്ന് 112ലേക്ക്
അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്ട്രോള് റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ഇആര്‍എസ്എസ് (എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. പോലീസ്, ഫയര്‍ഫോഴ്സ് (ഫയര്‍ & റെസ്ക്യൂ), ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേയ്ക്ക് വിളിച്ചാല്‍ മതിയാകും.
കേരളത്തില്‍ എവിടെനിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്ട്രോള് റൂമിലേയ്ക്കാവും കോള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.
ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്ട്രോള് റൂമില്‍ അറിയാനാകും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസുകാര്‍ക്ക് അതിവേഗം പ്രവര്‍ത്തിക്കാം. ജില്ലാ കണ്ട്രോള് റൂമുകളിലേയ്ക്കും സമാനമായി സന്ദേശം നല്‍കും.
മൊബൈല്‍ ഫോണുകളില്‍നിന്നും ലാന്‍ഡ് ഫോണില്‍നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍ ആപ്പിലെ എസ്ഒഎസ് ബട്ടണ്‍ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം. ഈ സംവിധാനം 24 മണിക്കൂറും ലഭ്യമാണ്. അടിയന്തരസഹായങ്ങള്‍ക്ക് വേണ്ടി മാത്രം ഈ സേവനം പ്രയോജനപ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
സ്വന്തം ലേഖിക