കോഴിക്കോട്: ഗതാഗത നിയമലംഘനത്തിനു പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് വന്ന വാട്സാപ്പ് സന്ദേശം തുറന്നുനോക്കിയ ബാങ്ക് ഉദ്യോഗസ്ഥയ്ക്കു നഷ്ടമായത് 47,000 രൂപ. കുന്നമംഗലത്ത് താമസിക്കുന്ന കക്കോടി സ്വദേശിനിക്കാണ് പണം നഷ്ടമായത്.
കഴിഞ്ഞ മാസം 21ന് ഉദ്യോഗസ്ഥയുടെ ഫോണിലേക്കു ഗതാഗത നിയമലംഘനത്തിനു പിഴയിട്ടതായി സന്ദേശം വന്നിരുന്നു. ഇതു തുറന്നുനോക്കിയെങ്കിലും ഇവർ കാര്യമാക്കിയിരുന്നില്ല.
30ന് നഗരത്തിലെ ഹൈപ്പർ മാർക്കറ്റിൽനിന്നു സാധനങ്ങൾ വാങ്ങി പണമടയ്ക്കാൻ ക്രെഡിറ്റ് കാർഡ് നൽകിയപ്പോഴാണ് കാർഡിൽനിന്നു പണം നഷ്ടപ്പെട്ടത് അറിയുന്നത്.
മൂന്ന് ഇടപാടുകളിലായാണു പണം നഷ്ടമായത്. സംസ്ഥാനത്തിനു പുറത്തെ വൈദ്യുതിബിൽ അടയ്ക്കാനാണ് തുക ഉപയോഗിച്ചിരിക്കുന്നത്.
വാട്സാപ്പ് സന്ദേശത്തിൽ വന്നത് എപികെ ഫയൽ ആണെന്നാണ് വിദഗ്ധരുടെ നിഗമനം. എപികെ ഫയൽ തുറക്കുന്നതോടെ സ്ക്രീൻ ഷെയറിംഗ് ഉൾപ്പെടെ ഇൻസ്റ്റാൾ ആകും.
എസ്എംഎസുകൾക്ക് അനുമതി നൽകാനും ഒടിപി സ്വയം എടുക്കാനും ഇതുവഴി തട്ടിപ്പു സംഘത്തിനു കഴിയുമെന്ന് സൈബർ വിഭാഗം അറിയിച്ചു. ഉദ്യോഗസ്ഥയുടെ പരാതിയിൽ കൂടുതൽ അന്വേഷണം നടത്തുമെന്നു പോലീസ് അറിയിച്ചു.