കൊച്ചി: കുട്ടികളുടെ നന്മയും അച്ചടക്കവും ലക്ഷ്യമാക്കി അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിക്കുന്നത് ക്രിമിനല്‍ കുറ്റമായി കരുതാനാകില്ലെന്ന് ഹൈക്കോടതി. എന്നാല്‍, കുട്ടിയുടെ ആരോഗ്യത്തെ ബാധിക്കുംവിധം മര്‍ദിക്കുന്നത് അധ്യാപകന്റെ അവകാശമായി കരുതാനോ അംഗീകരിക്കാനോ ആകില്ല. സാഹചര്യങ്ങളും ശിക്ഷയുടെ ആഴവും ഗൗരവവും കണക്കിലെടുത്തു മാത്രമേ ഇത്തരം സംഭവങ്ങളില്‍ ക്രിമിനല്‍ കുറ്റം നിര്‍ണയിക്കാനാകൂ.
മാര്‍ക്ക് കുറഞ്ഞതിന്റെ പേരിലോ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെ ഭാഗമായോ ചുമതലപ്പെട്ട അധ്യാപകന് ഒരു വിദ്യാര്‍ഥിയെ ശിക്ഷിക്കുന്നത് ബാലനീതി നിയമത്തിന്റെ ലംഘനമല്ലെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ പെരുമ്പാവൂരിനടുത്ത് തോട്ടുവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ തല്ലിയ ഇംഗ്ലീഷ് അധ്യാപകനെതിരേ കോടനാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികള്‍ റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
ഒരു ദുരുദ്ദേശ്യവുമില്ലാതെ, അധ്യാപകന് എന്ന നിലയില്‍ മാത്രം കുട്ടിയെ ശിക്ഷിച്ചതിന്റെ പേരില്‍ പെരുമ്പാവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് നിലനില്‍ക്കുന്നതല്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
ചില്‍ഡ്രന്‍സ് ഹോം, ഷെല്‍ട്ടർ, സ്പെഷല്‍ ഹോം തുടങ്ങിയവയുടെ ഗണത്തില്‍പ്പെടുന്നതല്ല സ്കൂളുകളെന്നും തനിക്കെതിരേ ചുമത്തിയിരിക്കുന്ന വകുപ്പ് പ്രകാരം കേസെടുക്കാനാകില്ലെന്നുമുള്ള ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിച്ചു.