ആലപ്പുഴ: എസ്എഫ്ഐക്കെതിരേ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ തലമുറ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലിക്കു ചേര്‍ന്നതല്ല എസ്എഫ്ഐയുടെ പ്രവര്‍ത്തന രീതിയെന്നും അദ്ദേഹം ആരോപിച്ചു.
പ്രാകൃതമായ സംസ്കാരം എസ്എഫ്ഐക്ക് നിരക്കുന്നതല്ല. എസ്എഫ്ഐ ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവര്‍ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കില്‍ എസ്എഫ്ഐ ഇടതുപക്ഷത്തിനു ബാധ്യതയായിമാറും- ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
വലിയവില കൊടുക്കേണ്ടിവരും: എഐഎസ്എഫ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭയിലെ പ്രതികരണം പ്രതിഷേധാർഹമെന്ന് സിപിഐ വിദ്യാർഥിസംഘടനയായ എഐഎസ്എഫ്.
നിരന്തരമായി സംഘർഷങ്ങളിൽ ഭാഗമാകുന്നവരെ തള്ളിപ്പറയുന്നതിനു പകരം രക്തസാക്ഷികളുടെ എണ്ണം പറഞ്ഞു ന്യായീകരിക്കുന്ന മുഖ്യമന്ത്രി ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്നു വ്യക്തമാക്കണമെന്ന് എഐഎസ്എഫ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.
തിരുത്തേണ്ട കാര്യങ്ങൾ തിരുത്തിത്തന്നെ പോയില്ലെങ്കിൽ ഇടതുപക്ഷത്തിന് വലിയ വില കൊടുക്കേണ്ടതായി വരും. കാമ്പസുകളിലെ അക്രമസംഭവങ്ങൾ അപമാനകരമാണ്. ഇതു വിദ്യാർഥി സംഘടനകൾക്ക് അവമതിപ്പുണ്ടാക്കുന്നു-എഐഎസ്എഫ് ചൂണ്ടിക്കാട്ടി.