കണ്ണൂര്: കര്ണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്റുമായ ഡി.കെ. ശിവകുമാറിനെതിരേ മൃഗബലിയും ഗൂഢപൂജയും കണ്ണൂർ ജില്ലയിലെ പ്രമുഖ ക്ഷേത്രത്തിനു സമീപം നടന്നെന്ന് കണ്ടെത്തിയതും കേരളത്തിൽനിന്നുള്ള മന്ത്രവാദി. കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാവാണ് ഡി.കെ. ശിവകുമാറിന് മന്ത്രവാദിയെ ഏർപ്പാടാക്കിയതെന്നും പറയുന്നു.
ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൂജയിലാണ് മൃഗബലിയും ഗൂഢപൂജയും കണ്ണൂരിലെ ഒരു പ്രമുഖ ക്ഷേത്രത്തിൽ ശിവകുമാറിനെതിരേ നടന്നതായി കണ്ടെത്തിയത്. അന്ന് ശിവകുമാർ കേരളത്തെക്കുറിച്ചു നടത്തിയ ആരോപണം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അപ്പാടെ തള്ളിയിരുന്നു. കേരളം ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങളുടെ നാടല്ലെന്നായിരുന്നു അന്ന് കോൺഗ്രസ് നേതാക്കളുടെ പ്രതികരണം.
അതിനിടെ കെപിസിസി പ്രസിഡന്റും എംപിയുമായ കെ. സുധാകരനെതിരേ അജ്ഞാതർ കൂടോത്രം നടത്തിയെന്ന ആരോപണവും കൂടോത്രവസ്തുക്കൾ പുറത്തെടുക്കുന്ന ദൃശ്യങ്ങളും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കണ്ണൂർ നടാലിലെ കെ. സുധാകരന്റെ വീട്ടുപറന്പിലെ വിവിധയിടങ്ങളിൽനിന്നായി കൂടോത്രമെന്ന നിഗൂഢപൂജ ചെയ്ത് കുഴിച്ചിട്ട ചില വസ്തുക്കൾ കുഴിച്ചെടുത്തതായി സുധാകരൻ തന്നെ സമ്മതിച്ചു.
ഇതു കുഴിച്ചെടുക്കുന്പോൾ കോൺഗ്രസ് നേതാവും കാസർഗോഡ് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താന്റെയും സാന്നിധ്യം ഉണ്ടായിരുന്നു. രാജ്മോഹൻ ഉണ്ണിത്താനാണ് മന്ത്രവാദിയെ ഏർപ്പാടാക്കിയതെന്നും സുധാകരൻ പറഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയാണ് കൂടോത്രം നടന്നതായി കണ്ടെത്തിയതെന്ന് ദൃശ്യങ്ങളിൽ പറയുന്നുണ്ട്. കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരത്തെയും ഡൽഹിയിലെയും കെ. സുധാകരന്റെ താമസസ്ഥലത്തും കൂടോത്രം ചെയ്തതായി സുധാകരൻ തന്നെ പറയുന്നു.
കെപിസിസി പ്രസിഡന്റായിരിക്കെ വി.എം. സുധീരന്റെ തിരുവനന്തപുരം ഗൗരീശപട്ടത്തെ വീട്ടിൽനിന്ന് എട്ടുതവണ കൂടോത്രം കണ്ടെടുത്തിരുന്നു.അന്നും കൂടോത്രം കണ്ടെത്താൻ സഹായിച്ചതും രാജ്മോഹൻ ഉണ്ണിത്താനായിരുന്നു. എന്നാൽ, കൂടോത്രത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല.