ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ഹാത്രസില്‍ കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങളെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.
ഇന്നു രാവിലെയാണ് രാഹുല്‍ അലിഗഢിലെത്തി കുടുംബങ്ങളെ സന്ദർശിച്ചത്. തങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്തതായി മരിച്ചവരുടെ ബന്ധുക്കൾ പിന്നീട് പറഞ്ഞു. രാഹുലിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.
ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല് എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ക്കാണു ജീവന് നഷ്ടപ്പെട്ടത്.
പരിപാടിയുടെ വോളണ്ടിയര്‍മാരായ ആറ് പേരെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ ഇല്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പോലീസ്.
ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോലെ ഭോലെ ബാബയ്ക്കായി മെയിന്‍പുരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നു പോലീസ് പറയുന്നു. പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.