വിഴിഞ്ഞം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമാകുന്നു. കണ്ടെയ്നറുകളുമായ ആദ്യ കൂറ്റൻകപ്പൽ തീരത്തടുക്കാൻ ഇനി ഒരാഴ്ച മാത്രം.12ന് ഉച്ചയ്ക്കുശേഷം ആദ്യമായി എത്തുന്ന ചരക്കുകപ്പലിനെ വരവേൽക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
പുറംകടലിൽ നങ്കൂരമിടുന്ന കപ്പലിനെ ബർത്തിൽ അടുപ്പിക്കാൻ നിയോഗിക്കപ്പെട്ട നാല് ടഗ്ഗുകളും തയാറായി. ചൈനയിൽനിന്നു കൊണ്ടുവന്ന വലുതും ചെറുതുമായ അത്യാധുനിക ക്രെയിനുകളുടെ ശേഷി പരിശോധനയും ഏതാണ്ട് പൂർത്തിയായി. അന്താരാഷ്ട്ര തുറമുഖത്തിനാവശ്യമായ 800 മീറ്റർ ബർത്തും സുരക്ഷയ്ക്കായുള്ള മൂന്നു കിലോമീറ്റർ പുലിമുട്ടും പൂർത്തിയാക്കിയാണ് ഒരു തലമുറയുടെ സ്വപ്നസാക്ഷാത്കാരത്തിനായി അധികൃതരുടെ കാത്തിരിപ്പ്.
ചൈനയിൽനിന്നു ക്രെയിനുമായി തുറമുഖത്ത് ആദ്യമെത്തിയ ഷെൻഹുവാ -15ന് നൽകിയതിന് സമാനമായ വരവേൽപ്പാകും അധികൃതർ ചരക്കുകപ്പലിനും നൽകുക. ക്രെയിനുമായി ഷെൻഹുവ തീരത്തടുത്തതും കൂറ്റൻ കപ്പലുകൾ അടുപ്പിച്ച് ക്രൂ ചേഞ്ചിംഗ് നടത്തിയും ലോക ഭൂപടത്തിൽ ഇടം നേടിയ വിഴിഞ്ഞത്തിന് ഒരു പൊൻതൂവൽ ചാർത്തലാകും 12ന് നടക്കുന്ന സ്വീകരണ ചടങ്ങ്.
അന്നേ ദിവസം മുതൽ യാർഡിലേക്ക് ഇറക്കുന്ന കണ്ടെയ്നറുകൾ ചെറുകപ്പലുകളുടെ സഹായത്തോടെ കടൽ മാർഗ്ഗം മറ്റു തുറമുഖങ്ങളിലേക്ക് കൊണ്ടുപോകും.കരമാർഗമുള്ള കണ്ടെയ്നർ നീക്കം ഉടൻ ഇല്ലെങ്കിലും തിരുവനന്തപുരത്തിനും തൊട്ടടുത്ത ജില്ലകൾക്കുമായി വരുന്നവയെ റോഡു മാർഗം ലക്ഷ്യസ്ഥാനത്തെത്തിക്കും.
എന്നാൽ കരമാർഗമുള്ള ചരക്ക് നീക്കം പൂർണതോതിൽ എത്തണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കണം. അതിനായി ഇനിയും ആരംഭം കുറിക്കാത്ത റെയിൽവേ ലൈനും, റിംങ് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന കാര്യങ്ങൾ സഫലമാകണം. 2015 ഡിസംബറിൽ ഉദ്ഘാടനം നടത്തി നിർമാണം തുടങ്ങിയ അന്താരാഷ്ട്ര തുറമുഖത്തിൽ ചരക്കുമായുള്ള ഒരു കപ്പൽ കണി കാണാൻ കേരളത്തുകാർക്ക് ഒൻപതു വർഷത്തോളം കാത്തിരിക്കേണ്ടിവന്നു.
മൂന്നു വർഷത്തിനുള്ളിൽ ഒന്നാംഘട്ടം പൂർത്തിയാകുമെന്ന് ഉദ്ഘാടന വേദിയിൽ പ്രഖ്യാപനമുണ്ടായെങ്കിലും ചെറുതും വലുതുമായുള്ള പ്രതിബന്ധങ്ങളും ഉത്തരവാദിത്വ പ്പെട്ടവരുടെ മെല്ലപ്പോക്കും പദ്ധതിയെ ഇതുവരെ എത്തിച്ചു.
എസ്. രാജേന്ദ്രകുമാർ