തിരുവഞ്ചൂര്‍: തിരുവഞ്ചൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തില്‍ മില്‍ക്ക് എടിഎം നാളെ മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയുടെ ഭാഗമായാണ് തിരുവഞ്ചൂര്‍ ക്ഷീരസംഘത്തില്‍ മില്‍ക്ക് എടിഎം സ്ഥാപിക്കുന്നത്.
സംഘത്തിലെ കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന പാല് ഗുണനിലവാര പരിശോധന നടത്തിയാണ് ഓട്ടോമാറ്റിക് വെന്‍ഡിങ് മെഷീനിലൂടെ വില്പനയ്ക്കു സജ്ജമാക്കുന്നത്.
200 ലിറ്റര്‍ സംഭരണശേഷിയുള്ളതാണ് ശീതീകരണ സംഭരണി. ദിവസം രണ്ടുനേരം പാല് നിറയ്ക്കും. ഈ സംവിധാനത്തിലൂടെ നാടന്പാല് 24 മണിക്കൂറും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
സംഘം അങ്കണത്തില്‍ രാവിലെ 9.30ന് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രഫ. എം.കെ. രാധാകൃഷ്ണന് ആദ്യ പാല്വില്പന സ്വീകരണവും റീചാര്‍ജ് കാര്‍ഡ് വില്പന ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം നിബു ജോണും നിര്‍വഹിക്കും.
പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം പ്രേമ ബിജു, ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി.ആര്. ശാരദ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യാപാര-വ്യവസായ രംഗത്തെ പ്രമുഖര്‍, ക്ഷീരകര്‍ഷക പ്രതിനിധികള്‍, ക്ഷീരസഹകാരികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.