പത്തനംതിട്ട: ക്രിമിനല്‍ കേസുകളിലെ പ്രതിയെ പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ച് സിപിഎം വെട്ടിലായി. കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്ന മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രന് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് ഇന്നലെ സിപിഎം സമ്മേളനവേദിയില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്റെയും മന്ത്രി വീണാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ശരണ്‍ ചന്ദ്രനും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
കഴിഞ്ഞ വര്‍ഷം ശരണ്‍ ചന്ദ്രനെതിരേ കാപ്പ ചുമത്തിയിരുന്നു. എന്നാല്‍, നാടു കടത്തിയില്ല. പകരം കാപ്പ 15(3) പ്രകാരം താക്കീത് നല്കി വിട്ടു. ഇനി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടാല്‍ നാടു കടത്തുമെന്നായിരുന്നു താക്കീത്. അതിനുശേഷം പത്തനംതിട്ട സ്റ്റേഷനിലെ ഒരു 308 കേസില്‍ ഇയാള്‍ പ്രതിയായി.
ഇതോടെ കാപ്പ ലംഘിച്ചുവെന്ന പേരില്‍ മലയാലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം അനുവദിച്ചു. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ ശരണിനെ കോടതിക്ക് പുറത്തു വച്ചു തന്നെ പത്തനംതിട്ടയിലെ 308 കേസില്‍ പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയുമുണ്ടായി.
ജൂണ്‍ 23 നാണ് റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ശരണ്‍ ബിജെപി അനുഭാവിയായിരുന്നു. ഇന്നലെ കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തിലാണ് ഇയാള്‍ക്ക് സിപിഎം അംഗത്വം കൊടുത്തത്. ശരണിനൊപ്പം ഏതാനും യുവമോര്‍ച്ച പ്രവര്‍ത്തകരും പാര്‍ട്ടി അംഗത്വം എടുക്കാനുണ്ടായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഇവരെ മാലയിട്ടു സ്വീകരിച്ചു.
മന്ത്രി വീണാ ജോര്‍ജ്, ജില്ലാ സെക്രട്ടേറിയറ്റംഗം ഓമല്ലൂര്‍ ശങ്കരന്, കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാല്‍, പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജു അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
പുതുതായി വന്നവര്‍ക്ക് അംഗത്വം നല്‍കിക്കൊണ്ട് മന്ത്രി വീണാ ജോര്‍ജ് അടക്കമുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നുണ്ട്. ക്രിമിനല്‍ കേസിലെ പ്രതിക്ക് അംഗത്വം കൊടുക്കുന്ന പരിപാടിയില്‍ മന്ത്രി തന്നെ നേരിട്ട് എത്തിയത് വിവാദമായിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളാണ് വിഷയത്തില്‍ ആദ്യം ചര്‍ച്ച തുടങ്ങിയത്.
പാര്‍ട്ടിക്കു പറ്റിയ പിഴവായി അനുഭാവികള്‍ പോലും ഇതില്‍ വിലയിരുത്തിയിട്ടുണ്ട്. അബദ്ധം പറ്റിയതാകാമെന്നു മറ്റൊരു വിഭാഗവും. എന്നാല്‍ രൂക്ഷമായ ആക്രമണമാണ് നേതാക്കള്‍ക്കെതിരേ പലരും നടത്തിയിട്ടുള്ളത്.
വരുംദിവസങ്ങളില്‍ ഇക്കാര്യം സിപിഎമ്മിനു തലവേദനയായി മാറും. പാര്‍ട്ടിയിലേക്ക പുതുതായി അംഗത്വം സ്വീകരിച്ചെത്തുന്നവരുടെ പശ്ചാത്തലം മറച്ചുവച്ചതു സംബന്ധിച്ച് ബന്ധപ്പെട്ട പ്രാദേശിക നേതാക്കള്‍ മറുപടി പറയേണ്ടിവരുമെന്നാണ് സൂചന.