കോഴിക്കോട്: മലബാറിൽ കുട്ടികള്‍ക്ക് ഭീഷണിയായി മസ്തിഷ്കജ്വരം പടര്‍ന്നുപിടിക്കുന്നു. ഒന്നരമാസത്തിനിടെ നാലു കുട്ടികള്‍ക്കാണ് ഈ അപൂര്‍വ രോഗം പിടിപെട്ടത്. ഇതില്‍ മൂന്നു കുട്ടികള്‍ മരണത്തിനു കീഴടങ്ങി. ഒരു കുട്ടി ഇപ്പോഴും ആശുപത്രിയില്‍ കഴിയുന്നു.
രോഗം പ്രതിരോധിക്കാന്‍ കഴിയാതെ ആരോഗ്യവകുപ്പ് പകച്ചുനില്‍ക്കുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും നീന്തല്‍ക്കുളത്തിലും പുഴയിലുമൊക്കെ കുളിച്ച കുട്ടികളാണ് മരിച്ചത്. രോഗബാധ തടയുന്നതിന് വ്യാപകമായ ബോധവത്കരണമൊന്നും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടില്ല.
കോഴിക്കോട് തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് ഏറ്റവുമൊടുവില്‍ മസ്തിഷ്കജ്വരം പിടിപെട്ടിട്ടുള്ളത്. ഈ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരുന്നുകളോടു കുട്ടി പ്രതികരിക്കുന്നണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. കിഴൂര്‍ കാട്ടുകുളത്തിലാണ് കുട്ടി കുളിച്ചത്. തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടും പനി ബാധിച്ചുമാണ് ആശുപത്രിയിലെത്തിയത്.
ലബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുള്ള ഫദ്വയാണ് ആദ്യം ഈ രോഗം ബാധിച്ചു മരിച്ചത്. വീടിനു തൊട്ടടുത്ത പുഴയിലെ ഒഴുക്കു കുറഞ്ഞ ഭാഗത്ത് കുളിച്ചപ്പോഴാണ് അമീബിയ ബാധയുണ്ടായത്. പിന്നീട് കണ്ണൂരിലെ ദക്ഷിണയും (13) ഇതേ രോഗത്താല്‍ മരിച്ചു. കഴിഞ്ഞ ജനുവരിയില്‍ വിനോദയാത്രക്കുപോയപ്പോള് ഇടുക്കിയിലെ ഒരു റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ കുളിച്ചപ്പോഴാണ് രോഗബാധയുണ്ടായത്.
കഴിഞ്ഞ ദിവസം ഫറോക്കിലെ മൃദുലും (12) മരണത്തിനു കീഴടങ്ങി യിരുന്നു. ഫറോക്ക് കോളജിനടുത്ത അച്ചന്‍കുളത്തില്‍ കുളിച്ചപ്പോഴാണ് മൃദുലിന് അമീബിയബാധയുണ്ടായത്. അമീബീക് മസ്തിഷ്ക ജ്വരം ചികിത്സിക്കാന്‍ ജര്‍മനിയില്‍നിന്ന് മള്ട്ടിഫോസിന് എന്ന മരുന്ന് ആരോഗ്യവകുപ്പ് എത്തിച്ചിട്ടുണ്ട്. ഇതോടെ ഏഴിനം മരുന്നുകളാണ് ഈ രോഗത്തിനു നല്‍കുന്നത്. രോഗം ആളുകളിലൂടെ പകരുന്നതല്ല.
കെട്ടിക്കിടക്കുന്ന വെള്ളത്തിലുള്ള ബ്രെയിന്‍ ഈറ്റര്‍ എന്നറിയപ്പെടുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെയാണ് ശരീരത്തില്‍ കടക്കുന്നത്. തലച്ചോറിനെയാണ് രോഗാണു ബാധിക്കുക.
സ്വന്തം ലേഖകന്‍