കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സഞ്ചരിച്ചിരുന്ന വാഹനം കാഞ്ഞങ്ങാട് ബേക്കൽ പള്ളിക്കരയിൽ വച്ച് അപകടത്തിൽപ്പെട്ടു. സംഭവത്തിൽ പ്രതികരിച്ച് സതീശൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു. വാർത്ത അറിഞ്ഞ് നിരവധി പേർ തന്നെ വിളിക്കുന്നുണ്ട്. അതിനാലാണ് ഇത്തരത്തിൽ കുറിപ്പ് പങ്കുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടും അല്ലാതെയും കാര്യങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദി. മറ്റൊരു വാഹനത്തിൽ യാത്ര തുടരുന്നതായും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
കണ്ണൂരിൽ നിന്ന് കാസർഗോഡേക്കുള്ള യാത്രാമധ്യേ കാഞ്ഞങ്ങാടിനടുത്ത് ബേക്കൽ പള്ളിക്കരയിൽ വച്ച് ഞാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.
നല്ല മഴയായിരുന്നു. സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇറങ്ങിവന്ന വാഹനത്തിൽ തട്ടാതിരിക്കാൻ പോലിസ് പൈലറ്റ് ജീപ്പിന് മുന്നിലുണ്ടായിരുന്ന കാറുകൾ പെട്ടെന്ന് നിർത്തി.
തൊട്ട് മുന്നിൽ പോയിരുന്ന കാറിൽ പൈലറ്റ് വാഹനം ഇടിച്ചു. ഞാൻ സഞ്ചരിച്ചിരുന്ന വാഹനം പൈലറ്റ് ജീപ്പിന്റെ പിൻഭാഗത്തും ഇടിച്ചു. ഞാനടക്കം വാഹനത്തിൽ ഉണ്ടായിരുന്ന ആർക്കും പരിക്കില്ല.
മാധ്യമങ്ങളിലൂടെ വാർത്ത അറിഞ്ഞ് നിരവധി പേർ വിളിക്കുന്നത് കൊണ്ടാണ് ഈ കുറിപ്പ് ഇടുന്നത്. നേരിട്ടും അല്ലാതെയും കാര്യങ്ങൾ അന്വേഷിച്ച എല്ലാവർക്കും നന്ദി. മറ്റൊരു വാഹനത്തിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് യാത്ര തുടരുന്നു.