തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായതോടെ മഴക്കുറവിൽ വലഞ്ഞ് സംസ്ഥാനം. ഇന്നലെ വരെ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 26 ശതമാനം മഴക്കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇക്കുറി മേയ് മാസത്തില്‍തന്നെ പെയ്തുതുടങ്ങിയ കാലവര്‍ഷം ജൂണ്‍ പകുതിയോടെ ദുര്‍ബലമാകുകയായിരുന്നു. ഇടവേളയ്ക്കു ശേഷം ജൂണ്‍ അവസാനത്തോടെ മഴ ശക്തിപ്പെട്ടെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കാര്യമായ അളവില്‍ മഴ ലഭിച്ചില്ല.
സംസ്ഥാനത്ത് ഇന്നുകൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനു ശേഷമുള്ള ദിവസങ്ങളില്‍ മഴ പാടെ കുറയുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ദിവസങ്ങള്‍ക്കു മുന്‍പുതന്നെ കാലവര്‍ഷം ദുര്‍ബലമായിരുന്നു. വടക്കന്‍ കേരളത്തില്‍ മാത്രമാണ് നിലവില്‍ മഴ തുടരുന്നത്. നാളെയോടെ ഇവിടങ്ങളിലും മഴ ദുര്‍ബലമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള മഴയ്ക്കാണ് സാധ്യത.
കാലവര്‍ഷത്തില്‍ ഇന്നലെ വരെ 799.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്യേണ്ടിയിരുന്നത്. എന്നാല്‍ പെയ്തത് 589.5 മില്ലിമീറ്ററാണ്. 11 ജില്ലകളില്‍ മഴക്കുറവ് രൂക്ഷമാണ്. ഇടുക്കി ജില്ലയില്‍ 42 ശതമാനവും വയനാട് ജില്ലയില്‍ 40 ശതമാനവും എറണാകുളം ജില്ലയില്‍ 37 ശതമാനവും ആലപ്പുഴ ജില്ലയില്‍ 30 ശതമാനവുമാണ് മഴക്കുറവ്. പാലക്കാട് 29 ശതമാനവും മലപ്പുറത്ത് 26 ശതമാനവും തൃശൂരില്‍ 25 ശതമാനവും കോഴിക്കോട് 24 ശതമാനവും കൊല്ലം, കാസര്‍ഗോഡ് ജില്ലകളില്‍ 23 ശതമാനവും മഴക്കുറവാണുള്ളത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാലവര്‍ഷത്തിന്റെ പെയ്ത്തു രീതിയിലുണ്ടായ മാറ്റം ഇക്കുറിയും തുടരുന്നതായാണ് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറയുകയും ഓഗസ്റ്റില്‍ അതിതീവ്ര മഴ പെയ്യുകയും ചെയ്യുന്നതാണ് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാലവര്ഷപ്പെയ്ത്തിലുണ്ടായ പ്രകടമായ മാറ്റം. ഇതേ രീതി ഈ വര്‍ഷവും തുടര്‍ന്നാല്‍ മലയാളിക്ക് നെഞ്ചിടിപ്പേറ്റുന്ന മഴക്കാലമായിരിക്കും ഓഗസ്റ്റില്‍ വരാനിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.