കൊച്ചി: നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. ഇടപ്പള്ളി വടക്കുംഭാഗം പോണേക്കര കാടിപറമ്പത്ത് റോഡ് വൈമേലില്‍ വീട്ടില്‍ ജോസ് ആന്റണി-സൗമ്യ ജോസ് ദമ്പതികളുടെ ഏകമകന് ആന്റണി ജോസ് (17) ആണു മരിച്ചത്. റെയില്‍വേയുടെ ഇടപ്പള്ളി യാര്‍ഡില്‍ ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടുകാരന് പിറന്നാള്‍ സമ്മാനം വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ആന്റണി. പോണേക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിന്‍ മറികടക്കണമായിരുന്നു അപ്പുറത്തെത്താന്.
സുഹൃത്തുക്കള്‍ ട്രെയിനിന് അടിയിലൂടെ അപ്പുറം കടന്നപ്പോള്‍ ആന്റണി ട്രെയിനിന്റെ ഗോവണിയിലൂടെ മുകളിലേക്ക് കയറിയതോടെ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. കൂട്ടുകാര്‍ സ്റ്റേഷന്‍മാസ്റ്ററെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ 108 ആംബുലന്‍സില്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാത്രി 7.45 ഓടെ മരിച്ചു.
തൃക്കാക്കര കെഎംഎം കോളജിലെ ബിസിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. സ്വകാര്യ മെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് പിതാവ്. അമ്മ ലൂര്‍ദ് ആശുപത്രിയിലെ നഴ്സാണ്.