തനിക്കെതിരേയുള്ള ഡോക്ടറുടെ വിമര്‍ശനത്തിന് മറുപടിയുമായി സാമന്ത. വൈറല്‍ അണുബാധകളെ പ്രതിരോധിക്കാന്‍ ഹൈഡ്രജന്‍ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസേഷന് ചെയ്താല്‍ മതിയെന്ന സമാന്തയുടെ പോസ്റ്റ് വലിയ വിവാദമായിരുന്നു. ഇതിനെതിരെയുള്ള ഡോക്ടര്‍ സിറിയക് ഫിലിപ്സിന്റെ ട്വീറ്റ് വൈറലായിരുന്നു. ലിവര്‍ ഡോക്ടര്‍ എന്ന് അറിയപ്പെടുന്ന സിറിയക് സാമന്തയ്ക്കെതിരേ രൂക്ഷമായ ഭാഷയിലൂടെയാണ് വിമര്‍ശിച്ചത്.
ഇതോടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സാമന്തയുടെ പ്രതികരണം. നീണ്ടൊരു കുറിപ്പിലൂടെ താന്‍ തന്റെ അനുഭവത്തില്‍ നിന്നുമൊരു നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുക മാത്രമാണ് ചെയ്തതെന്നാണ് സാമന്ത പറയുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ വിവിധ തരം മരുന്നുകള്‍ കഴിക്കുന്നുണ്ട്. എന്നോട് നിര്‍ദേശിച്ചതെല്ലാം തന്നെ ഞാന്‍ പരീക്ഷിച്ചു. ഉയര്‍ന്ന ക്വാളിഫിക്കേഷനുള്ള പ്രൊഫഷണലുകളുടെ നിര്‍ദേശ പ്രകാരവും എന്നെ പോലൊരു സാധാരണ വ്യക്തിക്ക് സാധ്യമാകുന്ന സെല്‍ഫ് റിസര്‍ച്ചും അനുസരിച്ചായിരുന്നു എല്ലാം.
മിക്ക ചികിത്സയും ചെലവേറിയതുമായിരുന്നു. ദീര്‍ഘനാളായിട്ടും പരമ്പരാഗത ചികിത്സാരീതികള്‍ എന്നെ ഗുണപ്പെടുത്തിയിരുന്നില്ല. മറ്റുള്ളവര്‍ക്ക് അവ ഉപകരിക്കുമെന്നും എനിക്ക് മാത്രമാണ് അങ്ങനെ സംഭവിക്കാത്തത് എന്ന സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ രണ്ട് കാര്യങ്ങളും എന്നെ ബദല്‍ തെറാപ്പികളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും വായിക്കുന്നതിലേക്ക് നയിക്കുകയായിരുന്നു.
ഒരുപാട് ശ്രമങ്ങള്‍ക്ക് ശേഷം ഞാന്‍ എനിക്ക് നല്ല മാറ്റമുണ്ടാക്കുന്ന ചികിത്സ രീതി കണ്ടെത്തി. നേരത്തെ പരമ്പരാഗത ചികിത്സയ്ക്കായി ഞാന്‍ ചെലവാക്കിയതിന്റെ ചെറിയ പങ്ക് മാത്രമായിരുന്നു അതിന് ചെലവാക്കേണ്ടി വന്നത്. ഒരു ചികിത്സാരീതിക്ക് വേണ്ടി ശക്തമായി വാദിക്കാന്‍ മാത്രം നിഷ്കളങ്കയല്ല ഞാന്‍.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ നേരിടുകയും പഠിക്കുകയും ചെയ്ത കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നല്ല ഉദ്ദേശത്തോടെ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തത്. പ്രത്യേകിച്ചും ചികിത്സ എന്നത് വളരെ ചെലവേറിയതും പലര്‍ക്കും അത് താങ്ങാന്‍ സാധിക്കാത്തതും ആയതിനാൽ.
ആത്യന്തികമായി വിദ്യാസമ്പന്നരായ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളെയാണ് നമ്മള് ആശ്രയിക്കേണ്ടത്. മാന്യനായ ഒരു വ്യക്തി എന്റെ ഉദ്ദേശശുദ്ധിയെ രൂക്ഷമായ വാക്കുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയുണ്ടായി. ഈ മാന്യനും ഡോക്ടറാണ്. അദ്ദേഹത്തിന് എന്നേക്കാള്‍ അറിവുണ്ടാകുമെന്നതില് എനിക്ക് യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യവും നല്ലതാണെന്ന് എനിക്ക് ഉറപ്പാണ്.
എന്റെ വാക്കുകളില്‍ അദ്ദേഹം ഇത്ര പരുക്കനാകാതെ കനിവും അനുകമ്പയും കാണിച്ചിരുന്നുവെങ്കില്‍ എന്നു മാത്രം. പ്രത്യേകിച്ചും എന്നെ ജയിലില്‍ അടയ്ക്കണം എന്ന് പറയുന്ന ഭാഗത്ത്. അത്ര കടുത്ത ഭാഷയിൽ വിമർശിച്ചത് സെലിബ്രിറ്റി ആയതിനാലാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ പോസ്റ്റിട്ടത് സെലിബ്രിറ്റി എന്ന നിലയില്ല, ചികിത്സ വേണ്ടി വന്നൊരാള്‍ എന്ന നിലയിലാണ്. പോസ്റ്റില്‍നിന്നു ഞാന്‍ ഒരു രൂപ പോലും സമ്പാദിക്കുകയോ ആരെയും പ്രൊമോട്ട് ചെയ്യുകയോ ചെയ്യുന്നില്ല.
ആരെയും വേദനിപ്പിക്കുക എന്നല്ല, മറ്റുള്ളവരെ സഹായിക്കുക എന്നതാണ് എന്റെ ഉദ്ദേശം. എന്നോട് പലരും ആയുര്‍വേദയും ഹോമിയോപതിയും അക്യുപംഗ്ചറും നിര്‍ദേശിച്ചിരുന്നു. ഞാന്‍ അവരെയെല്ലാം കേട്ടു. സമാനമായതൊന്ന് ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തത്. എനിക്ക് ഗുണകരമായി മാറിയത് ഒരു ഓപ്ഷന് ആയി നിര്‍ദേശിക്കുക മാത്രമായിരുന്നു. -സാമന്ത പറയുന്നു.