തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് ആഭിചാര ക്രിയകൾ നടന്നെന്ന പരാതിയിൽ പ്രാഥമിക അന്വേഷണം നടക്കുന്നതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ. സിറ്റി പോലീസ് കമ്മീഷണർക്ക് ഇ-മെയിൽ മുഖേന ലഭിച്ച പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താൻ കമ്മീഷണർ നിർദേശം നൽകിയത്.
കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ, കന്റോണ്മെന്റ് അസിസ്റ്റന്റ് കമ്മീഷണർ എന്നിവരോടാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷണർ ജി. സ്പർജൻകുമാർ നിർദേശം നൽകിയത്.
പേട്ടയിലെയും പട്ടത്തെയും ചില വീടുകളിലും കെപിസിസി ആസ്ഥാനത്തും ആഭിചാര ക്രിയകൾ നടന്നെന്നാണ് പരാതിയെന്ന് കമ്മീഷണർ രാഷ്ട്രദീപികയോട് പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം മാത്രമാണ് നടത്താൻ നിർദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പൊതു പ്രവർത്തകനായ ഹഫീസാണ് പരാതി നൽകിയത്. കെ. സുധാകരന്റെ കണ്ണൂരെ വീട്ടിൽ നിന്നും കൂടോത്രം ചെയ്ത് കുഴിച്ചിട്ട തകിടുകൾ സുധാകരനും രാജ് മോഹൻ ഉണ്ണിത്താനും ചേർന്ന് പുറത്തെടുക്കുന്ന വീഡിയോ നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.