അടൂര്‍: മരണമടഞ്ഞ 32 പേര്‍ക്ക് ക്ഷേമപെന്ഷന് വിതരണം ചെയ്ത സംഭവത്തില്‍ അടൂര്‍ നഗരസഭ സെക്രട്ടറിക്കു നോട്ടീസ്. മരിച്ച 32 ഗുണഭോക്താക്കളുടെ പേര് പെന്ഷന് രജിസ്റ്ററില്‍ നിന്നു നീക്കിയിട്ടില്ലെന്നും ഇതില്‍ നഗരസഭയ്ക്കു വീഴ്ച സംഭവിച്ചതായും ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.
ഇതിലൂടെ സര്‍ക്കാരിനു 4.18 ലക്ഷം രൂപ നഗരസഭ മുഖേന നഷ്ടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വാഭാവികമായി മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നഗരസഭയുടെ പട്ടികയില്‍ നിന്നു പേരു മാറ്റപ്പെടേണ്ടതാണ്. എന്നാല്‍ നഗരസഭ പരിധിയില്‍ മരണമടഞ്ഞ പലരും ക്ഷേമ പെന്ഷന് പട്ടികയില്‍ തുടരുകയായിരുന്നു.
ഇത്തരം അക്കൗണ്ടുകള്‍ യഥാസമയം കണ്ടെത്തി നീക്കുന്നതില്‍ ഗുരുതരമായ വീഴ്ച ഉണ്ടായെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടമുണ്ടായ തുക സെക്രട്ടറിയില്‍ നിന്ന് ഈടാക്കണമെന്നാണ് സര്‍ക്കാര്‍ ചട്ടം. വിശദീകരണം ആരാഞ്ഞ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
മരണവിവരം അനന്തരവകാശികള്‍ യഥാസമയം നഗരസഭയെ അറിയിക്കാതെ വരുന്നതിനാലാണ് പെന്ഷന് തുക മരിച്ചവരുടെ അക്കൗണ്ടിലേക്കു പോകുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാല്‍, മെഡിക്കല്‍ കോളജിലടക്കം മരിച്ചവര്‍ പട്ടികയിലുണ്ട്. അനന്തരവകാശികളില്‍ നിന്നു തുക തിരികെപിടിച്ച് പ്രശ്നം പരിഹരിക്കാനാണ് നഗരസഭയുടെ ശ്രമം.