ചേര്‍ത്തല: നാടക കലാകാരന്മാർക്ക് അർഹമായ അവകാശങ്ങൾ സർക്കാരിൽ നിന്നു നേടിയെടുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു.
സംസ്ഥാനത്തെ പ്രഫഷണല്‍ നാടക സംഘാടകരുടെ ഏക സംഘടനയായ പ്രഫഷണല്‍ ഡ്രാമാചേംബര് സംസ്ഥാന സമ്മേളനം ചേര്‍ത്തലയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകങ്ങൾ കേരളത്തിന്റെ സാംസ്കാരിക-നവോത്ഥാന മുന്നേറ്റങ്ങൾക്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
നാടക ആചാര്യന്മാരായ എസ്എൽ പുരവും വയലാർ രാമവർമയും രാജൻ പി. ദേവുമൊക്കെ അവരുടേതായ അടയാളപ്പെടുത്തലുകൾ നടത്തിയതും നാടകങ്ങളിലൂടെയാണ്. എന്നാൽ നാടക നടന്മാരെ സൂപ്പർസ്റ്റാറുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല.
പണ്ടൊക്കെ നാടിന്റെ അകമായിരുന്നു നാടകം. പലയിടങ്ങളിലും ആണിയിൽ തൂങ്ങിയാടുന്ന ഷോക്കാർഡുകൾക്കുള്ളിൽ മാത്രമായി ഒതുങ്ങിപ്പോവുകയാണ് നാടക കലാകാരന്മാരെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.
ചേര്‍ത്തല കീര്‍ത്തി റീജന്‍സിയില്‍ നടന്ന സമ്മേളനത്തിൽ അഡ്വ. നെയ്യാറ്റിന്‍കര പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 100 ഓളം പ്രതിനിധികള്‍ പങ്കെടുത്തു.
സജി മൂരട്, ഹേമന്ത് കുമാർ, രാജേഷ് ഇരുളം, പയ്യന്നൂർ മുരളി, ഗുരുപൂജ പുരസ്കാരം കരസ്ഥമാക്കിയ പൗർണമി ശങ്കർ, സത്യജിത്ത് ഫെല്ലോഷിപ്പ് നേടിയ സന്ധ്യാരാജേന്ദ്രൻ, സത്യജിത് ഗോൾഡൻ പെൻബുക്സ് അവാർഡ് നേടിയ മീനമ്പലം സന്തോഷ്, അഭയൻ കലവൂർ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു.
സന്ധ്യാരാജേന്ദ്രൻ, സി.രാധാകൃഷ്ണൻ അക്ഷരജ്വാല, ഇ എ രാജേന്ദ്രൻ, സതീഷ് സംഗമിത്ര, പ്രദീപ് മാളവിക, സഹീർ അലി, ശശികുമാർ സിതാര, ഉമേഷ് അനുഗ്രഹ, ഷാജി സരിഗ, വേണുഗോപാൽ പാലക്കാട്, അപ്പു ഏനാത്ത്, പുലിപ്പാറ ജയകുമാർ, മനോജ്കുമാർചന്ദ്രകാന്ത, രമേശൻ രംഗഭാഷ, ദിലീപ് സിതാര എന്നിവർ പ്രസംഗിച്ചു.