‘ഭ്രമയുഗം’ സ്പൂഫ് കണ്ട് മമ്മൂട്ടി ബാക്ക് സ്റ്റേജിൽ നേരിട്ടെത്തി അഭിനന്ദിച്ചെന്ന് നടൻ ടിനി ടോം. തനിക്കെതിരായ സൈബര്‍ ആക്രമണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഞാനിപ്പോള്‍ അതൊന്നും ശ്രദ്ധിക്കാന്‍ പോകാറില്ല. ഒരു കണക്കിന് ഇത്തരം ചര്‍ച്ചകളും കാര്യങ്ങളുമൊക്കെ ഉണ്ടാകുന്നത് തനിക്ക് നല്ലതാണെന്ന് ടിനി പറഞ്ഞു.
വേദിയില്‍ അവതരിപ്പിച്ച സ്കിറ്റിന് മികച്ച പ്രതികരണമാണ് സദസില്‍നിന്നു ലഭിച്ചത്. എന്നിട്ടും എന്തുകൊണ്ടാണ് അതിനെതിരേ ഇത്തരത്തിലൊരു വിമര്‍ശനം എന്ന് അറിയില്ല.
ഒരുപക്ഷെ സുരേഷ് ഗോപിക്കൊപ്പം ഞാന്‍ നില്‍ക്കുന്നത് കൊണ്ടായിരിക്കും. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങളെക്കുറിച്ച് ഞാന്‍ സംസാരിച്ചിരുന്നു. അത് ഇഷ്ടപ്പെടാത്ത ആളുകളായിരിക്കും ഇതിനൊക്കെ പിന്നില്‍.
മമ്മൂക്ക അനശ്വരമാക്കിയ ഭ്രമയുഗത്തി സ്പൂഫാണ് ഞാന്‍ ചെയ്തത്. അദ്ദേഹം ചെയ്ത് വച്ചതിന്റെ അടുത്തെങ്ങും എത്തുന്നത് പോലെ എനിക്ക് ചെയ്യാൻ സാധിക്കില്ല. പക്ഷെ ആ സ്കിറ്റ് കഴിഞ്ഞതിന് പിന്നാലെ മമ്മൂക്ക ബാക്ക് സ്റ്റേജിലെത്തി എന്നെ അഭിനന്ദിച്ചു.
അദ്ദേഹം തരുന്ന പിന്തുണയൊക്കെ വളരെ വലുതാണ്. എന്തിനും കൂടെയുണ്ടാകുമെന്നും പറഞ്ഞു. മമ്മൂക്ക മാത്രമല്ല, സിദ്ദിഖ് ഇക്ക, രമേശ് പിഷാരടി തുടങ്ങിയവരൊക്കെ പ്രശംസിച്ചു. പിന്നെ വിമര്‍ശിക്കുന്നവരും പരിഹസിക്കുന്നവരും അത് ചെയ്യട്ടെ. ഞാനത് കാര്യമാക്കുന്നില്ല എന്ന് ടിനി ടോം കൂട്ടിച്ചേർത്തു.