കൊരട്ടി: ചിറങ്ങരയിൽ വീട് കുത്തിത്തുറന്ന് മോഷണം. 35 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു. റെയിൽവേ റിട്ട. ജീവനക്കാരൻ ചിറങ്ങര ഗാന്ധി നഗർ ചെമ്പകശേരി വീട്ടിൽ പ്രകാശൻ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.
ഇന്ന് വെളുപ്പിന് ഏകദേശം രണ്ടോടെയായിരുന്നു സംഭവം. വീടിന്റെ പുറകിലെ ജനൽ കമ്പികൾ തകർത്താണ് മോഷ്ടാവ് അകത്തു കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 35 പവനും 8000 രൂപയും നഷ്ടമായി. അലമാരയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ വാരി വലിച്ചിട്ടിരിക്കുന്ന നിലയിലാണ്.
ജനൽ കുത്തിത്തുറക്കാനുപയോഗിച്ച കൊത്തി അടക്കമുള്ള ആയുധങ്ങൾ ഉപേക്ഷിച്ച നിലയിൽ ജനലിനരികിൽ നിന്ന് കണ്ടെത്തി.ഇന്നലെ ഉച്ചതിരിഞ്ഞ് കുടുംബം തൃശൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ എത്തിയിരുന്നു.
ഇന്ന് വെളുപ്പിന് രണ്ടരയോടെ പ്രകാശൻ ദേഹാസ്വസ്ഥതയെ തുടർന്ന് എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. തൊട്ടടുത്ത റൂമിൽ വെളിച്ചം കണ്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് അലമാര തുറന്നു കിടക്കുന്നതും സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലും കണ്ടെത്തിയത്.
തുടർന്നു നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി അറിയുന്നത്. സംഭവമറിഞ്ഞ് കൊരട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി.ഡോഗ് സ്ക്വാർഡും ഫോറൻസിക് വിഭാഗവും എത്തുമെന്നറിയിച്ചിട്ടുണ്ട്.