നെടുമങ്ങാട് : മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വെടിവച്ചാൻകോവിൽ പൂങ്കോട് കുന്നുവിള വീട്ടിൽ നിന്ന് നരുവാമൂട് കൂരച്ചൽവിള അരുൺ നിവാസിൽ വാടകയ്ക്ക് താമസിക്കുന്ന എം.രമേശി നെ (31) ആണ് ഫിനാൻസ് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ സെപ്റ്റംബർ 13നാണ് വെള്ളനാട്സം ഗീത ഫിനാൻസ്, ദേവ് ഫിനാൻസ് എന്നിവയിൽ നിന്ന് പണം തട്ടിയതെന്ന് പോലീസ് പറഞ്ഞു. സ്വർണം പൂശിയ 17 ഗ്രാം വരുന്ന രണ്ട് വളകൾ പണയം വച്ച് വ്യാജ ആധാർ കാർഡ് നൽകിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
സംഗീത ഫിനാൻസിൽ നിന്ന് 70,000 രൂപയും ദേവ് ഫിനാൻസിൽ നിന്ന് 75,000 രൂപയും ആണ് തട്ടിയെടുത്തത്. കേസിൽ മുൻപ് രണ്ട് പേർ അറസ്റ്റിലായിരുന്നു.