തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു തോൽവി പാർട്ടി പരിശോധിക്കുന്നതിനിടെ ശക്തമായ വിമർശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണ്. ഇപ്പോഴത്തെ അവസ്ഥ നിരാശ പടർത്തുന്നതാണ്. ബഹുജനങ്ങളുമായി ഇടപെടുന്പോൾ സംഭവിക്കുന്ന വാക്കും പ്രവൃത്തിയും ജീവിതശൈലിയും പ്രശ്നമായിട്ടുണ്ടെങ്കിൽ അതു പരിശോധിക്കപ്പെടണം.
ഉൾപ്പാർട്ടി വിമർശനങ്ങൾ ഉൾക്കൊണ്ടു നിർവ്യാജമായ തിരുത്തലാണു വേണ്ടതെന്നും ഒരു മാസികയിൽ എഴുതിയ ലേഖനത്തിൽ ബേബി പറയുന്നു. നേരത്തേ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്കും തോൽവിയുമായി ബന്ധപ്പെട്ടു പാർട്ടിയിൽ ശക്തമായ തിരുത്തലുകൾ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പാർട്ടിയുടെ ബഹുജന സ്വാധീനത്തിൽ ചോർച്ചയും ഇടിവും സംഭവിച്ചു. ഉൾപ്പാർട്ടി വിമർശനങ്ങൾക്ക് ഇടമുണ്ടാകണം. വിമർശനങ്ങൾ ഉൾക്കൊള്ളാനും തിരുത്താനും തയാറാകണം. ജനങ്ങളോട് പറയുന്നതു പോലെ ജനങ്ങൾ പറയുന്നത് കേൾക്കുകയും വേണം.
അല്ലെങ്കിൽ ഈ ദുരവസ്ഥയ്ക്കു പരിഹാരം കാണാൻ ആകില്ലെന്നും എം.എ. ബേബി പറയുന്നു. തെരഞ്ഞെടുപ്പുകളിൽ ഉണ്ടാവുന്ന പിന്നോട്ടടികൾ മാത്രമല്ല പരിശോധനാവിധേയമാക്കേണ്ടത്.
വ്യത്യസ്ത തോതിൽ ഇടതുപക്ഷ സ്വാധീന മേഖലകളിൽ ബഹുജനസ്വാധീനത്തിലും പ്രതികരണ ശേഷിയിലും ആഘാതശക്തിയിലും ചോർച്ചയും ഇടിവും സംഭവിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പു രംഗത്തെ തിരിച്ചടികൾ ഇപ്പോൾ തീവഗുരുതരമായി കാണണമെന്നും ബേബി ലേഖനത്തിൽ പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം തെറ്റുതിരുത്തൽ നടപടികളെ കുറിച്ചുള്ള ചർച്ചകൾ സിപിഎമ്മിനുള്ളിൽ ശക്തമായിരിക്കെയാണു തുറന്ന വിമർശനവുമായി പ്രധാന നേതാക്കൾ രംഗത്തെത്തുന്നത്.