കൊച്ചി: അശ്ലീല ഫേസ്ബുക്ക് പേജുകളിൽ കോളജ് വിദ്യാർഥിനികളുടെ ചിത്രങ്ങൾ പങ്കുവച്ച മുൻ എസ്എഫ്ഐ നേതാവിനെതിരേ കേസ്. കാലടി ശ്രീ ശങ്കര കോളജിലെ പൂർവ വിദ്യാർഥിയായ രോഹിതിനെതിരേ ആണ് കേസ്. ഇരുപതോളം വിദ്യാർഥികളുടെ ചിത്രങ്ങളാണ് ഇയാൾ പങ്കുവെച്ചത്.
സമീപ കാലത്ത് ഇയാൾ കോളജിൽ നിരന്തരം വരുമായിരുന്നു. വിദ്യാർഥിയായിരുന്നില്ലെങ്കിലും ഫോട്ടോഗ്രാഫറായി കാമ്പസിൽ പതിവായി എത്തിയിരുന്ന രോഹിത് വിദ്യാർഥിനികളുമായി നല്ല രീതിയിലുള്ള സൗഹൃദം വളർത്തിയിരുന്നു.
തുടർന്ന്, അവരുടെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ നിന്ന് എടുത്ത ചിത്രങ്ങൾ അപകീർത്തികരമായ അടിക്കുറിപ്പുകളോടെ അശ്ലീല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു.
വിദ്യാർഥികളുടെ പരാതിയിൽ ഇയാൾക്കെതിരേ കാലടി പോലീസ് കേസെടുത്തു. രോഹിതിന്റെ രണ്ട് ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.