അഞ്ചല്‍ : അഞ്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂര മര്‍ദനം. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് സംഭവം. അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയായ 17കാരനാണ് സഹപാഠികളുടെ മര്‍ദനത്തില്‍ പരിക്കേറ്റത്.
സ്കൂള്‍ വിട്ടു വരവേ ഒപ്പം പഠിക്കുന്ന മൂന്ന് കുട്ടികള്‍ സംഘം ചേര്‍ന്ന് ചന്തമുക്കിന് സമീപം വച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ഥികളില്‍ ചിലര്‍ തന്നെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തു. ഇതുപിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയായിരുന്നു.
ക്രൂരമായി മര്‍ദനമേറ്റ വിദ്യാർഥി വീട്ടില്‍ എത്തിയെങ്കിലും മാതാപിതാക്കളോട് വിവരം പറഞ്ഞിരുന്നില്ല. പിന്നീട് കുട്ടി പുറത്തിറങ്ങാതെ റൂമില്‍ തന്നെ ഇരുന്നതോടെ വീട്ടുകാര്‍ എത്തി വിവരങ്ങള്‍ തിരക്കുകയായിരുന്നു.
ഇതോടെയാണ് മര്‍ദന വിവരം പുറത്തറിയുകയും ചെയ്തത്. ഉടന്‍തന്നെ വിദ്യാർഥിയെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി. അഞ്ചല്‍ പോലീസില്‍ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ക്കും പരാതി നല്‍കുമെന്ന് ഇവര്‍ അറിയിച്ചു.